കണ്ണൂർ: കണ്ണൂർ- പയ്യന്നൂർ റൂട്ടിൽ നാളെ രാവിലെ മുതൽ സ്വകാര്യബസുകൾ സാധാരണ നിലയിൽ സർവീസ് നടത്തണമെന്ന് എ.സി.പി ടി.കെ രത്നകുമാർ അറിയിച്ചു. ബസ് ഉടമ- തൊഴിലാളി വിദ്യാർത്ഥി സംഘടനകളുമായി നാളെ രാവിലെ പതിനൊന്നു മണിക്ക് ചർച്ച നടത്തുമെന്ന് എ.സി.പി അറിയിച്ചു. സർവീസ് നടത്തുന്ന ബസുകൾക്ക് പൊലിസ് സംരക്ഷണം നൽകും. തടയാൻ ശ്രമിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. കണ്ണൂർ പഴയബസ് സ്റ്റാൻഡിൽ ബസിൽ വിദ്യാർത്ഥികളെ കയറ്റാത്തതിനെ തുടർന്നാണ് പ്രതിഷേധമുണ്ടായത്.

വിദ്യാർത്ഥികൾ സ്വകാര്യബസുകൾ തടഞ്ഞതിനെ തുടർന്നാണ് കണ്ണൂർ-പയ്യന്നൂർ റൂട്ടിൽ ബസ് സമരമാരംഭിച്ചത്. ഇന്ന് രാവിലെ ഒൻപതുമണിയോടെയാണ് സംഭവം. ബസിൽ വിദ്യാർത്ഥികൾ കയറുന്നതിന് മുൻപേ വാതിൽ അടച്ചു ബസ് മുൻപോട്ടെടുത്തതോടെ വിദ്യാർത്ഥികൾ ബസ് തടയുകയായിരുന്നു. കണ്ണൂരിൽ നിന്നും പയ്യന്നൂരിലേക്ക് പോവുകയായിരുന്ന പിലാക്കുന്നുമ്മേൽ ബസാണ് തടഞ്ഞത്.

തുടർന്ന് പഴയബസ് സ്റ്റാൻഡിലെത്തിയ തളിപറമ്പ്, പയ്യന്നൂർ, തലശേരി, കൂത്തുപറമ്പ് റൂട്ടിലടക്കം സർവീസ് നടത്തുന്ന സ്വകാര്യബസുകൾ വിദ്യാർത്ഥികൾ തടയുകയായിരുന്നു. നാലുവിദ്യാർത്ഥികൾ ബസിൽ കയറാൻ നിന്നിരുന്നുവെന്നും എന്നാൽ രണ്ടുവിദ്യാർത്ഥികളെ മാത്രമേ കയറ്റിയിട്ടുള്ളുവന്നും കണ്ടക്ടർ വാതിൽ അടച്ചു ബസ് മുൻപോട്ടെടുക്കാൻ ആവശ്യപ്പെടുകയായിരുന്നുവെന്നും വിദ്യാർത്ഥികൾ ആരോപിച്ചു. കണ്ണൂർ ടൗൺ പൊലിസെത്തിയാണ് വിദ്യാർത്ഥികളെ പിരിച്ചുവിട്ടത്. വിദ്യാർത്ഥികളെ കയറ്റാതെ പോയ ബസും പൊലിസ്് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.