കണ്ണൂർ: എരുവേശി സർവീസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ സംഘർഷദൃശ്യങ്ങളുമായി യു.ഡി. എഫ് ഹൈക്കോടതിയിലെ സമീപിക്കും. എംഎൽഎ ഉൾപ്പെടെയുള്ള യു.ഡി. എഫ് പ്രവർത്തകരെ സി.പി. എം പ്രവർത്തകർ മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് ഈ വരുന്ന നവംബർ 23ന് ഹൈക്കോടതിയിൽ സമർപ്പിക്കുക. എരുവേശി സഹകരണബാങ്ക് തെരഞ്ഞെടുപ്പ് സാധാരണയായി ചെമ്പേരിയിലാണ് നടന്നിരുന്നത്ണ എന്നാൽ ഇക്കുറി അതു എരുവേശിയിലേക്ക് മാറ്റിയതിനെതിരെ യു.ഡി. എഫ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.

തെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലത്തിൽ ഇടപെടാനാവില്ലെന്നും സുരക്ഷ ഉറപ്പാക്കാമെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. എന്നാൽ ഹൈക്കോടതി നിർദ്ദേശത്തെ മറികടന്ന് പൊലിസ് സുരക്ഷ ഒരുക്കാൻ തയ്യാറാവാതെ പൊലിസ് ഒഴിഞ്ഞുമാറുകയായിരുന്നുവെന്ന് യു.ഡി. എഫ് നേതാക്കൾ ആരോപിച്ചു. യു.ഡി. എഫ് വോട്ടർമാരെ പോളിങ് ബൂത്തിലേക്ക് കടത്തിവിടാതെ വഴിയിൽ തടയുകയും ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയുമാണ് ചെയ്തത്.

അക്രമവിവരമറിഞ്ഞെത്തിയ സജീവ് ജോസഫ് എംഎൽഎയെയും കൈയേറ്റം ചെയ്തു. എരുവേശി ഗ്രാമപഞ്ചായത്ത് പ്രസി. ടെസി ഇമാനുവൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈലാജോയ്, സ്ഥാനാർത്ഥി ജോസഫ് കൊട്ടുകപ്പള്ളി, യൂത്ത് കോൺഗ്രസ് പ്രവർത്തകൻ പി.കെ ലിജേഷ്, ഡി.സി.സി സെക്രട്ടറി ജോജി വട്ടോളി, എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ പ്രതിഷേധിച്ച് നാളെ വൈകുന്നേരം ചെമ്പേരി ടൗണിൽ പ്രകടനവും പ്രതിഷേധ പൊതുസമ്മേളനവും നടത്താൻ യു.ഡി. എഫ് തീരുമാനിച്ചിട്ടുണ്ട്.