കൊല്ലം: ഗൃഹനാഥൻ കലക്ടറുടെ ചേംബറിനു മുന്നിലെത്തി പെട്രോൾ ഒഴിച്ചു തീകൊളുത്തി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു. അപേക്ഷിച്ച് അഞ്ചു വർഷം കഴിഞ്ഞിട്ടും ലൈഫ് പദ്ധതിപ്രകാരം വീടു ലഭിക്കാത്തതിലും കെട്ടിടനിർമ്മാണത്തൊഴിലാളി ക്ഷേമനിധിയിൽ നിന്നുള്ള ആനുകൂല്യം കിട്ടാത്തതിലും മനംനൊന്താണ് ആത്മഹത്യാ ശ്രമം. പട്ടികവിഭാഗക്കാരനും അംഗപരിമിതനുമായ കരീപ്ര നെല്ലിമുക്കിനു സമീപം വാടകയ്ക്കു താമസിക്കുന്ന എ.ഭൈരവൻ (57) ആണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 1.30ഓടെയാണ് സംഭവം.

ഹൃദ്രോഗിയായ ഭാര്യ സിന്ധുവിനെയും കൂട്ടിയാണു കലക്ടറേറ്റിൽ എത്തിയത്. കളക്ടറെ കണ്ട് നിവേദനം നൽകാനെത്തിയതായിരുന്നു ഇരുവരും. ഭാര്യ കലക്ടറുമായി ചേംബറിൽ സംസാരിച്ചുകൊണ്ടിരിക്കേയാണു വാതിലിനു മുന്നിൽ ജീവനൊടുക്കാൻ ശ്രമിച്ചത്. തീ കൊളുത്തുന്നതിനു മുൻപ് ജീവനക്കാരും മറ്റും ചേർന്നു തടഞ്ഞു. നേരത്തേ രണ്ടു തവണ കലക്ടറെ കണ്ടു നിവേദനം നൽകിയിരുന്നെങ്കിലും ഫലം ഉണ്ടായില്ല. ഇതിന്റെ നിരാശയിലാണ് ആത്മഹത്യാ ശ്രമം.

ജോലിക്കിടയിൽ കെട്ടിടത്തിന്റെ മുകളിൽ നിന്നു വീണതു മൂലം ഒരു കാൽ മുറിച്ചു മാറ്റിയിരിക്കുകയാണ്. വയ്പു കാലിന്റെ സഹായത്തോടെ നടക്കുന്ന ഇദ്ദേഹം റോഡിൽ കിടക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ പെറുക്കി വിറ്റാണ് ജീവിക്കുന്നത്. അപകടത്തെത്തുടർന്നു ക്ഷേമനിധി ബോർഡിൽ നിന്ന് ഒരു ലക്ഷം രൂപ സഹായം അനുവദിച്ചതായി പറയുന്നുണ്ടെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ല. ഇവർക്കു മക്കളില്ല.

കൊറ്റങ്കര പഞ്ചായത്ത് മൂന്നാം വാർഡിൽ താമസിച്ചിരുന്ന ഭൈരവൻ 2017 മുതൽ ലൈഫ് പദ്ധതി പ്രകാരം വീടിനു അപേക്ഷ നൽകുന്നുണ്ട്. ഒട്ടേറെത്തവണ പഞ്ചായത്തിലും മറ്റും കയറിയിറങ്ങിയിട്ടും വീടു ലഭിച്ചില്ല. ഭൈരവനെ വെസ്റ്റ് പൊലീസ് എത്തി ജില്ലാ ആശുപത്രിയിൽ പ്രവേശിച്ചു പ്രഥമ ശുശ്രൂഷ നൽകി.