- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താമസിച്ചിരുന്നത് രണ്ടേക്കർ കൃഷിഭൂമിയിലെ വീട്ടിൽ ഒറ്റയ്ക്ക്; വന്യമൃഗങ്ങൾ ഒരിക്കലും തന്നെ ഉപദ്രവിക്കില്ലെന്ന് വിശ്വസിച്ചു: ഒടുവിൽ കാട്ടാനയുടെ ആക്രമണത്തിൽ മരണം
മമ്പാട്: ആളു അനക്കവുമില്ലാത്ത രണ്ടേക്കർ കൃഷിഭൂമിയിൽ ഒറ്റയ്ക്കായിരുന്നു ആസ്യ എന്ന വൃദ്ധ ജീവിച്ചത്. വീടിനു ചുറ്റും വിസ്തൃതമായ തോട്ടങ്ങളാണ്. 500 മീറ്റർ മാറി വനവും. അയൽപക്കക്കാരെ കണികാണാൻ പോലും ഇല്ല. എങ്കിലും അസാമാന്യ ധൈര്യമായിരുന്നു ആസ്യയ്ക്ക്. വന്യമൃഗങ്ങൾ ഇറങ്ങുന്ന സ്ഥലമായിട്ടും തനിക്ക് അവയെ പേടിയില്ലെന്നാണ് ആസ്യ പറഞ്ഞിരുന്നത്. ന്യമൃഗങ്ങൾ ഒരിക്കലും തന്നെ ഉപദ്രവിക്കില്ലെന്ന് അവർ വിശ്വസിച്ചു. എന്നാൽ കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെടുകയായിരുന്നു.
കണക്കൻ കടവ് റോഡ് സഞ്ചാരയോഗ്യമല്ല. യാത്രയ്ക്ക് ഹൈ ഗീയർ ജീപ്പ് വേണം. അത്രയ്ക്കും ദുരിതം പിടിച്ച സ്ഥലത്താണ് ഏകയായി ആസ്യ താമസിച്ചത്. 8 വർഷം മുൻപാണ് ഭർത്താവ് ഷൗക്കത്തിന്റെ മരണം. ഒറ്റയ്ക്ക് താമസിക്കേണ്ടെന്ന് പറഞ്ഞ് മക്കളും ബന്ധുക്കളും തങ്ങളുടെ വീടുകളിലേക്ക് ക്ഷണിച്ചെങ്കിലും ആസ്യ പോയില്ല. സ്വന്തം മണ്ണിൽ കണ്ണടയ്ക്കണമെന്നായിരുന്നു മറുപടി. അതുകൊണ്ട് തന്നെ ആരോരും സഹായത്തിനില്ലാതെ അവർ ഒറ്റയ്ക്ക് ജീവിച്ചു.
വന്യമൃഗങ്ങളോട് ആസ്യ അടുപ്പം കാണിച്ചതായി ബന്ധുക്കളും പരിചയക്കാരും പറയുന്നു. അവ ഒരിക്കലും തന്നെ ഉപദ്രവിക്കില്ലെന്ന് വിശ്വസിച്ചു. പകലും കാട്ടാന ഇറങ്ങുന്ന പ്രദേശമാണ് കണക്കൻ കടവ്. ഒരു മാസം മുൻപ് കല്യാണ വീട്ടിൽ വച്ച് കണ്ടപ്പോൾ ബന്ധു നാലകത്ത് വീരാൻ കുട്ടി ആനയെ പേടിയില്ലേ എന്ന് ആസ്യയോട് ചോദിച്ചു.
'എന്തിന് പേടിക്കണം, പറമ്പിൽ കടന്നാൽ ഞാൻ വടിയുമായി അടുത്ത് ചെല്ലും, കുറുമ്പ് കാട്ടാതെ പോ എന്ന് ശാസിക്കും, അൽപനേരം നോക്കി നിന്ന ശേഷം ആന പോകും'. ഈ അനുഭവം ആസ്യ പലരോടും പങ്കുവച്ചിട്ടുണ്ട്.രാത്രി 9 മണിക്ക് കിടന്നുറങ്ങുന്നതാണ് പതിവ്. 11ന് രാത്രി 9ന് മുൻപ് ദാരുണ സംഭവം നടന്നതായാണ് നിഗമനം. കിടക്കാൻ ഒരുങ്ങിയതിന്റെ ലക്ഷണം വീട്ടിലില്ല. വീടിന് കഷ്ടിച്ച് 50 മീറ്റർ മാറിയാണ് മൃതദേഹം കിടന്നിരുന്നത്.
ആസ്യയുടെ മരണത്തോടെ പ്രദേശവാസികൾ പരിഭ്രാന്തിയിലാണ്. ഓടായിക്കൽ, കരിക്കാട്ടുമണ്ണ, റൂബി നഗർ എന്നീ ജനവാസ മേഖലകളിൽ സന്ധ്യ മുതൽ ആനക്കൂട്ടം ഇറങ്ങുകയാണ്. തടയാനുള്ള വനം വകുപ്പിന്റെ നടപടികൾ പ്രഖ്യാപനങ്ങളിൽ ഒതുങ്ങി. മരണവിവരം അറിഞ്ഞ് ഉയർന്ന വനം ഉദ്യോഗസ്ഥർ ആരും സ്ഥലത്തെത്താത്തതിൽ ജനം പ്രതിഷേധത്തിലാണ്. റേഞ്ച് ഓഫിസർ മാത്രമാണ് എത്തിയത്. ആസ്യയുടെ മൃതദേഹം കബറടക്കി.



