പനജി: കാൻസറിനെ തോൽപ്പിച്ച യുവ മലയാളി ഐപിഎസ് ഓഫിസർ ഗോവ അയൺമാൻ ട്രയാത്ലൺ പൂർത്തിയാക്കി. രക്താർബുദത്തിൽ നിന്നും മോചനം നേടിയ തലശ്ശേരി സ്വദേശിയും ഗോവ ക്രൈംബ്രാഞ്ച് എസ്‌പിയുമായ നിധിൻ വൽസനാണ് ബുദ്ധിമുട്ടേറിയ മത്സരം പൂർത്തിയാക്കി ആവേശമായത്.

90 കിലോമീറ്റർ സൈക്കിളിങ്, 21 കിലോമീറ്റർ ഓട്ടം, 1.9 കിലോമീറ്റർ കടലിലെ നീന്തൽ എന്നിവ ഉൾപ്പെട്ടതാണ് അയൺമാൻ ട്രയാത്ലൺ. 1450 പേർക്കൊപ്പം മത്സരിച്ച നിധിൻ 8 മണിക്കൂർ 3 മിനിറ്റ് 53 സെക്കൻഡിലാണ് മത്സരം പൂർത്തിയാക്കിയത്.

2012 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ നിധിന് കഴിഞ്ഞ വർഷമാണ് രക്താർബുദം പിടിപെട്ടത്. ഒരു വർഷത്തോളം നീണ്ട ചികിത്സയിലൂടെ രോഗം ഭേദമായി. 'കാൻസർ കീഴടക്കാൻ കഴിയാത്ത രോഗമല്ലെന്നും അതിനു ശേഷവും നേട്ടങ്ങളിലേക്കെത്താൻ കഴിയുമെന്നും ലോകത്തെ ബോധ്യപ്പെടുത്തുകയായിരുന്നു ലക്ഷ്യം' ട്രയാത്ലൺ പൂർത്തിയാക്കിയ ശേഷം നിധിൻ പറഞ്ഞു.

ബിഎസ്എൻഎൽ ധർമടം എക്സ്ചേഞ്ചിലെ സബ് ഡിവിഷനൽ എൻജിനീയർ കോടിയേരി ശ്രീവൽസത്തിൽ സി.പി.വൽസന്റെയും തലശ്ശേരി ആർഡിഒ ഓഫിസിലെ സീനിയർ സൂപ്രണ്ട് യു.ചന്ദ്രിയുടെയും മകനാണ്.