- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെള്ളത്തിൽ നിന്നും ഹൈഡ്രജൻ വലിച്ചെടുത്ത് പ്രവർത്തിക്കും; ലോകം ചുറ്റി എനർജി ഒബ്സർവർ
കൊച്ചി: വെള്ളത്തിൽ നിന്നും ഹൈഡ്രജൻ വലിച്ചെടുത്ത് അഞ്ചു വർഷമായി ലോകം ചുറ്റുകയാണ് എനർജി ഒബ്സർവർ. വലിയ ചെലവ് ഇല്ലാതെ ഹൈഡ്രജൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യ ജലയാനമാണ് ഈ ഫ്രഞ്ച് കപ്പൽ. ഇതുവരെ 40 രാജ്യങ്ങൾ സന്ദർശിച്ച ഈ കപ്പൽ തിങ്കളാഴ്ച കൊച്ചിയിലെത്തി. ഇൻഡൊനീഷ്യയിലെ ലങ്കാവിയിൽനിന്നാണ് കൊച്ചിയിലെത്തിയത്.
ബോൾഗാട്ടിയിലെ ഇന്റർനാഷണൽ മറീനയിൽ കപ്പലിനെ സ്വീകരിക്കാൻ ഫ്രഞ്ച് കോൺസൽ ജനറൽ ലിസ് ടാൽബട്ട് ബാരെ കൊച്ചിയിലെത്തിയിരുന്നു. പോണ്ടിച്ചേരിയിലെയും ചെന്നൈയിലെയും കോൺസൽ ജനറലാണ് ലിസ്. ഫ്രാൻസും ഇന്ത്യയും കാർബൺ ന്യൂട്രാലിറ്റി മെച്ചപ്പെടുത്തുന്നതിന് നടത്തുന്ന ശ്രമങ്ങൾക്കിടെയാണ് കപ്പൽ കൊച്ചിയിലെത്തുന്നത് എന്നത് ശ്രദ്ധേയമാണെന്ന് കോൺസൽ ജനറൽ ചൂണ്ടിക്കാട്ടി.
കടൽവെള്ളത്തിൽനിന്ന് ഹൈഡ്രജൻ വേർതിരിച്ചാണ് കപ്പലിൽ ഉപയോഗപ്പെടുത്തുന്നത്. സൂര്യപ്രകാശവും കാറ്റും ഊർജമാക്കി മാറ്റുന്നതിനുള്ള സംവിധാനവും കപ്പലിലുണ്ട്. ഈ മാസം 24 വരെ കപ്പൽ കൊച്ചിയിലുണ്ടാകും. ഇതുവരെ 45,000 നോട്ടിക്കൽ മൈൽ ദൂരം പിന്നിട്ടു. 2017-ൽ ഫ്രാൻസിലെ സെയ്ന്റ് മലോ തുറമുഖത്തുനിന്ന് തുടങ്ങിയ യാത്രയിലെ 75-ാമത്തെ സ്റ്റോപ്പാണ് കൊച്ചി. ദക്ഷിണാഫ്രിക്കയിലേക്കാണ് ഇനി യാത്ര. 2024 വരെ നീളും ലോക പര്യടനം.
ഇരുവശത്തുമായി എട്ട് ഹൈഡ്രജൻ ടാങ്കുകളാണ് കപ്പലിലുള്ളത്. മുകൾത്തട്ടിലും വശങ്ങളിലുമെല്ലാം സോളാർ പാനലുകളാണ്. കടൽവെള്ളം ശുദ്ധീകരിച്ച് ഉപയോഗിക്കുന്നതിനുൾപ്പെടെയുള്ള സംവിധാനങ്ങൾ. ക്യാപ്റ്റനുൾപ്പെടെ അഞ്ചംഗ സംഘമാണ് ഇപ്പോൾ കപ്പലിലുള്ളത്.
2013-ലാണ് ഈ പദ്ധതിക്ക് തുടക്കമാകുന്നത്. വിക്ടോറിയൻ എറസാർഡ് എന്ന മർച്ചന്റ് നേവി ഓഫീസറുടെ ശ്രമഫലമായി നാലു വർഷങ്ങൾക്കൊടുവിലാണ് എനർജി ഒബ്സർവറിന്റെ യാത്ര സാധ്യമാകുന്നത്.



