- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സ്വകാര്യമേഖലയിലെ നഴ്‌സുമാരുടെ വേതനം വർദ്ധിപ്പിക്കാൻ പരിമിതികളുണ്ട്' എന്ന പ്രസ്താവന വിവാദത്തിൽ; ഐഎംഎ പ്രസിഡന്റിന്റെ നിലപാട് തരംതാഴ്ന്നതെന്ന് കേരള ഗവണ്മെന്റ് നഴ്‌സസ് യൂണിയൻ
തിരുവനന്തപുരം: 'സ്വകാര്യമേഖലയിലെ നഴ്‌സുമാരുടെ വേതനം വർദ്ധിപ്പിക്കാൻ പരിമിതികളുണ്ട്' എന്ന ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാനപ്രസിഡന്റ് ഡോക്ടർ സുൽഫി നൂഹുവിന്റെ പ്രസ്താവന നിന്ദ്യവും പരിഹാസ്യവുമാണെന്ന് കേരള ഗവണ്മെന്റ് നഴ്‌സസ് യൂണിയൻ സംസ്ഥാനക്കമ്മിറ്റി.. ഐഎംഎ ഡോക്ടർമാരുടെ കാര്യത്തിൽ മാത്രം അഭിപ്രായം പറഞ്ഞാൽ മതിയാകും. നഴ്‌സുമാരുടെ കാര്യത്തിൽ ഇടപെടാനും അഭിപ്രായം പറയാനും ആർജ്ജവമുള്ള നഴ്‌സുമാരുടെ സംഘടനകൾ ഇവിടെയുണ്ട്.
ഇത്തരം തരംതാഴ്ന്ന ഒരു പ്രസ്താവനയിലൂടെ സ്വകാര്യഹോസ്പിറ്റൽ മാനേജ്‌മെന്റിന് വിടുപണി ചെയ്യുന്നയാളാണ് താനെന്ന് തെളിയിക്കുകയാണ് ഐഎംഎ പ്രസിഡന്റ് ചെയ്തത്. എംബിബിഎസ് സീറ്റുകളുടെ എണ്ണം കുറച്ച് നഴ്‌സിങ് സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന ഐഎംഎ പ്രസിഡന്റിന്റെ ആവശ്യത്തിലെ 'ആത്മാർത്ഥത' കേരളത്തിലെ നഴ്‌സുമാർ കാണാതെ പോകരുത് എന്നും കേരള ഗവണ്മെന്റ് നഴ്‌സസ് യൂണിയൻ സംസ്ഥാനജനറൽ സെക്രട്ടറി എസ് എം അനസ് പ്രസ്താവനയിൽ അറിയിച്ചു.
ഐഎംഎ എന്നാൽ പ്രൈവറ്റ് ഹോസ്പിറ്റൽ മാനേജ്‌മെന്റ് അസോസിയേഷൻ എന്നാണോ എന്നും യൂണിയൻ ചോദിച്ചു. സ്വകാര്യമേഖലയിലെ നഴ്‌സുമാരുടെ സേവനവേതന വ്യവസ്ഥകൾ തികച്ചും പരിതാപകരമാണ്. തുച്ഛമായ ശമ്പളത്തിൽ 12 മണിക്കൂറുകൾ മുതൽ 16 മണിക്കൂറുകൾ വരെ കഠിനമായ ജോലി ചെയ്ത് ആശുപത്രിക്ക് വരുമാനം നേടിക്കൊടുക്കുന്നതിൽ പ്രധാനപങ്ക് വഹിക്കുന്ന വിഭാഗമാണ് നഴ്‌സുമാർ. എന്നിട്ടും അവഗണന മാത്രമാണ് ബാക്കി ലഭിക്കുന്നത്.
കടുത്ത ചൂഷണമാണ് ഈ മേഖലയിൽ നടക്കുന്നത്. കഴിഞ്ഞ 15 വർഷങ്ങൾക്കിടെ സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരുടെ വേതനത്തിൽ എത്ര മടങ്ങ് വർദ്ധനവ് ഉണ്ടായിട്ടുണ്ട് എന്നതും അതേ കാലയളവിലെ നഴ്‌സുമാരുടെ വേതനത്തിൽ ഉണ്ടായ വർദ്ധനവും താരതമ്യം ചെയ്ത് നോക്കാൻ ഐഎംഎ പ്രസിഡന്റ് തയ്യാറാകണം. സ്വകാര്യആശുപത്രികളിലെ നഴ്‌സുമാരുടെ മിനിമം വേതനം പരിഷ്‌ക്കരിക്കാൻ അടിയന്തിരമായി നടപടി വേണം. ഈ വിഷയത്തിൽ തടസ്സമായി നിൽക്കുന്ന ഹൈക്കോടതിയുത്തരവുകൾ നീക്കാൻ ഫലപ്രദമായ ഇടപെടലുകൾ സംസ്ഥാനസർക്കാരിന്റെ ഉണ്ടാവേണ്ടതുണ്ട്.
സർക്കാർ മേഖലയിൽ പി എസ് സി വഴി നിയമിക്കപ്പെടുന്നവർക്ക് 50000 രൂപയോളം തുടക്കശമ്പളം ലഭിക്കുമ്പോൾ പ്രൈവറ്റ് ഹോസ്പിറ്റലുകളിലും സർക്കാർ മേഖലയിൽ താൽക്കാലികജോലി ചെയ്യുന്നവർക്കും 12000 മുതൽ 17000 രൂപ വരെയാണ് ശമ്പളം ലഭിക്കുന്നത്. ഇപ്പോഴും പ്രതിമാസം 8000 രൂപ വരെ ശമ്പളം കൊടുക്കുന്ന പ്രൈവറ്റ് ഹോസ്പിറ്റലുകൾ പോലുമുണ്ട് എന്നതാണ് ഞെട്ടിക്കുന്ന വസ്തുത.
സർക്കാർ മേഖലയിൽ ദിവസക്കൂലി നിയമനങ്ങളും കരാർ നിയമനങ്ങളും അവസാനിപ്പിക്കണമെന്നും ആവശ്യമായ തസ്തികകൾ സൃഷ്ടിച്ച് പി എസ് സി ലിസ്റ്റുകളിൽ ഉള്ളവർക്ക് അവസരം നൽകണമെന്നും യൂണിയൻ ആവശ്യപ്പെട്ടു.



