കണ്ണൂർ: എസ്. ഡി. പി. ഐയുടേതെന്ന് തെറ്റിദ്ധരിച്ച് പോർച്ചുഗലിന്റെ പതാക വലിച്ചുകീറിയ യുവാവിനെതിരെ പൊലീസ് കേസെടുത്തു. കണ്ണൂർ പാനൂർ വൈദ്യർ പീടികയിൽ ഏലാങ്കോട് ദീപകിനെതിരെ പാനൂർ പൊലീസാണ് കേസെടുത്തത്. കേരള പൊലീസ് ആക്റ്റ് പ്രകാരം പൊതു ശല്യം ഉണ്ടാക്കിയതിനാണ് കേസ്.

പാനൂർ വൈദ്യർ പീടികയിൽ ഇന്നലെ വൈകിട്ടാണ് സംഭവം. ലോകകപ്പിൽ പോർച്ചുഗലിന് തങ്ങളുടെ പിന്തുണയറിച്ച് പ്രദേശത്തെ ഒരുകൂട്ടം ആരാധകരാണ് ഈ പതാക കെട്ടിയത്. എന്നാൽ പതാക കണ്ടപ്പോൾ അത് എസ് ഡി പി ഐയുടേതാണെന്നാണ് യുവാവ് കരുതിയത്. തുടർന്ന് പതാക വലിച്ചുകീറുകയായിരുന്നു. പോർച്ചുഗൽ ആരാധകരെത്തി യുവാവിനെ ചോദ്യം ചെയ്തപ്പോഴാണ് എസ് ഡി പി ഐയുടെ കൊടിയാണെന്ന് കരുതി നശിപ്പിച്ചതാണെന്ന് യുവാവ് വ്യക്തമാക്കിയത്.

യുവാവ് പതാക വലിച്ചുകീറുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെ പോർച്ചുഗൽ ആരാധകർ യുവാവിനടുത്തെത്തി ചോദ്യം ചെയ്യുകയായിരുന്നു. എസ് ഡി പി ഐയുടെ കൊടിയാണെന്ന് തെറ്റിദ്ധരിച്ചാണ് അങ്ങനെ ചെയ്തതെന്ന് യുവാവ് മറുപടി നൽകിയത്. ഇതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തത്. പൊതുശല്യം ഉണ്ടാക്കുന്ന പ്രവർത്തനമാണ് ഇയാളുടേതെന്ന് പൊലീസ് പറഞ്ഞു. ആരാധകർ തമ്മിലുള്ള എന്തെങ്കിലും പ്രശ്‌നം ഇതിന് പിന്നിലുണ്ടോ എന്നകാര്യം കൂടി പരിശോധിച്ചേക്കും.

ലോകകപ്പിന്റെ ആവേശം നാടെങ്ങും അലയടിക്കവേയാണ് ആരാധകർ കെട്ടിയ പോർച്ചുഗലിന്റെ പതാക വലിച്ച് കീറി യുവാവിന്റെ ചിത്രം വലിയ തോതിൽ പ്രചരിച്ചത്. ലോകകപ്പിൽ പറങ്കിപ്പടയക്ക് പിന്തുണ അറിയിച്ച് കൊണ്ടാണ് പോർച്ചുഗൽ പതാക കെട്ടിയിരുന്നത്.