കണ്ണൂർ: പ്രിയാവർഗീസിന് അസോ. പ്രൊഫസർ തസ്തികയിൽ അപേക്ഷിക്കാൻ യോഗ്യതയില്ലെന്ന ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുന്ന വിധിയാണ് ഹൈക്കോടതിയുടെതെന്ന് സി.പി. എം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ പറഞ്ഞു. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീ സമൂഹത്തോടുള്ള വെല്ലുവിളിയാണിത്. അക്കാദമിക് ഡെപ്യൂട്ടേഷനിലുള്ള കാലം സർവീസായി കണക്കാക്കില്ലെന്ന വിധി ഇപ്പോൾ ജോലി ചെയ്യുന്ന പല പ്രിൻസിപ്പാൾമാർക്കും അദ്ധ്യാപകർക്കും ഇപ്പോഴിരിക്കുന്ന തസ്തികയിൽ ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യമുണ്ടാക്കും. ഒരു അദ്ധ്യാപിക പ്രസവാവധിക്ക് പോയാൽ അവരുടെ ആ ഒരുവർഷം സേവനകാലമായി കണക്കാക്കാതിരിക്കാൻ കഴിയുമോ.

ഇതു പോലെ ഒരു ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റായി സ്ഥാനകയറ്റം കിട്ടണമെങ്കിൽ അവർ മെറ്റേണിറ്റി അവധിയിൽ പോയാൽ എന്തു ചെയ്യും. മെറ്റേണിറ്റി പിരീഡും സേവനകാലമായി കണക്കാക്കി അവർക്ക് പ്രമോഷൻ കൊടുക്കാൻ ഈ വിധിയുടെ അടിസ്ഥാനത്തിൽ കഴിയില്ല.

ജുഡീഷ്യൽ എക്സിപീരിയൻസിന്റെ സേവനകാലങ്ങൾ ഉൾപ്പെടെ ദുർവ്യാഖ്യാനം ചെയ്യുന്ന വിധിയാണുണ്ടായിരിക്കുന്നതെന്നു എം.വി ജയരാജൻ പറഞ്ഞു. ഹൈക്കോടതി വിധിയുടെ മറ്റുവശങ്ങളെ കുറിച്ചു വ്യക്തമായി അറിയില്ലെന്നും അതു മനസിലാക്കിയതിനു ശേഷം പ്രതികരിക്കുമെന്നും എം. വി ജയരാജൻ പറഞ്ഞു.