തിരുവനന്തപുരം: എംഡിഎംഎ പിടികൂടാനെത്തിയ എക്‌സൈസ് സംഘത്തെ ആക്രമിച്ച പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. ഉദ്യോഗസ്ഥരെ വാൾ വീശി ആക്രമിക്കാൻ ശ്രമിച്ചന്ന കേസിലാണ് പ്രതികളായ സാജൻ , ഷിജോ സാമുവൽ എന്നിവർക്കെതിരെ എക്‌സൈസ് കുറ്റപത്രം സമർപ്പിച്ചത്.

തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷൻസ് കോടതിയിലാണ് നെയ്യാറ്റിൻകര എക്‌സൈസ് റെയ്ഞ്ച് ഇൻസ്‌പെക്ടർ കുറ്റപത്രം സമർപ്പിച്ചത്. കഠിനംകുളം ശാന്തിപുരം ജോൺ ഹൗസിൽ സാജൻ (19), ഇയാളുടെ സുഹൃത്ത് കരുംകുളം പുല്ലുവിള പുതിയതുറ പുരയിടത്തിൽ ഷിജോ സാമുവേൽ (24) എന്നിവരെ ഒന്നും രണ്ടും പ്രതി ചേർത്താണ് കുറ്റപത്രം സമർപ്പിച്ചത്.

2022 മെയ് 6 രാവിലെ 10 മണിക്കാണ് സംഭവം നടന്നത്. ലഹരിമരുന്നായ എം.ഡി.എം.എം. വിൽപ്പന നടത്തുന്ന സംഘത്തെ പിടികൂടാനെത്തിയ എക്‌സൈസ് സംഘത്തിനു നേരേയാണ് വാൾ വീശി ആക്രമണം നടന്നത്. ബല പ്രയോഗത്തിലൂടെ പ്രതികളിലൊരാളെ കീഴ്‌പ്പെടുത്തുന്നതിടയിൽ ഉദ്യോഗസ്ഥന്റെ കൈയ്ക്ക് മുറിവേറ്റിരുന്നു.

സാജനാണ് ഉദ്യോഗസ്ഥനുനേരേ വാൾ വീശി ആക്രമിച്ചത്. ഇവരുടെ പക്കൽനിന്ന് 4 ഗ്രാം 42 മി.ഗ്രാം എം.ഡി.എം.എ. മയക്കുമരുന്ന് കണ്ടെടുത്തു. പ്രതികളിലൊരാളായ ഷിജോ സാമുവേലിന്റെ സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു.