പത്തനംതിട്ട: പത്തനംതിട്ടയിൽ സ്‌കൂളിൽ പോകാൻ ബസ് കാത്തുനിന്ന ഒൻപത് വയസുകാരനായ സ്‌കൂൾ വിദ്യാർത്ഥിയെ തെരുവുനായ കടിച്ചു. കുട്ടിയെ കോട്ടയം മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. വിദ്യാർത്ഥിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ.

ഇന്ന് രാവിലെ അരീക്കക്കാവിലാണ് സംഭവം. ചിറ്റാറിലുള്ള സ്‌കൂളിലേക്ക് പോകാൻ ബസ് കാത്തുനിൽക്കുമ്പോൾ രാവിലെ 7.45ഓടേയാണ് ഇഷാനെ നായ കടിച്ചത്. പിന്നിലൂടെ എത്തിയ തെരുവുനായ ഇഷാന്റെ വലതുകൈയിൽ മുട്ടിന് താഴെയാണ് കടിച്ചത്. കുട്ടിയെ ആക്രമിച്ചതിന് ശേഷം ഓടിപ്പോയ നായ ഒരു പശുവിനെയും കടിച്ചു. കുട്ടിക്കും പശുവിനും വാക്സിൻ നൽകി.

തുടർന്ന് വൈകീട്ടോടെ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നായയെ പിടികൂടി. ചങ്ങനാശേരിയിൽ നിന്ന് പട്ടിപിടിത്തത്തിൽ പരിശീലനം ലഭിച്ച ആളെ വിളിച്ചുവരുത്തിയാണ് നായയെ പിടികൂടിയത്. നായയുടെ വായിൽ നിന്ന് നുരയും പതയും വരുന്നുണ്ടായിരുന്നു. പേവിഷബാധയേറ്റ നായയാണ് എന്ന സംശയത്തിൽ നാട്ടുകാർ ഇതിനെ തല്ലിക്കൊന്നതായും റിപ്പോർട്ടുകളുണ്ട്.