തിരുവനന്തപുരം: കമലേശ്വരത്ത് വെട്ടേറ്റ് ചികിത്സയിൽ കഴിഞ്ഞ യുവാവ് മരിച്ചു. പൂന്തുറ സ്വദേശി അഫ്‌സലാണ് മരിച്ചത്. സ്‌കൂൾ കുട്ടികൾ തമ്മിലുള്ള തർക്കമാണ് ആക്രമണത്തിന് കാരണം. പ്രതികളായ എട്ടു പേർ റിമാൻഡിലാണ്.

ഈ മാസം ഒൻപതാം തിയതി വൈകുന്നേരമാണ് പൂന്തുറ മാണിക്യവിളാകം സ്വദേശി അഫ്‌സലിനെ കമലേശ്വരം ഹയർസെക്കന്ററി സ്‌കൂളിന് സമീപം വച്ച് ഒരു സംഘം ആക്രമിച്ചത്.

അഫ്‌സസിനെ തടഞ്ഞ് നിർത്തി അക്രമി സംഘം കാലിൽ വെട്ടുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കരിമഠം സ്വദേശി അശ്വനാണ് മുഖ്യപ്രതിയെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. അശ്വന്റെ സഹോദരൻ സഞ്ചരിച്ച ബൈക്ക് സ്‌കൂളിന് മുന്നിൽവച്ച് തട്ടിയതുമായി ബന്ധപ്പെട്ട് അഫ്‌സലിന്റെ സുഹൃത്തുക്കളുമായി വാക്കുതർക്കമുണ്ടായിരുന്നു. ഇതേ തുടർന്നുണ്ടായ ശത്രുതയാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.