കണ്ണൂർ: സ്വകാര്യ ബസുകളിൽ കൺസെഷൻ കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾ സർക്കാർ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ അറിയിച്ചു. വീട്ടിൽ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും തിരിച്ചുമുള്ള യാത്രക്ക് മാത്രമേ കൺസെഷൻ അനുവദിക്കൂ. സ്‌പെഷ്യൽ ക്ലാസ്, ട്യൂഷൻ എന്നിവക്ക് കൺസെഷൻ അനുവദിക്കില്ല.

നേരിട്ട് ബസ് സർവീസുള്ള റൂട്ടുകളിൽ ഭാഗികമായി യാത്ര അനുവദിക്കില്ല. 40 കി.മീ മാത്രമേ കൺസെഷൻ അനുവദിക്കൂ. സർക്കാർ സ്‌കൂളുകൾ, കോളേജ്, ഐ ടി ഐ, പോളിടെക്‌നിക് എന്നിവരുടെ ഐ ഡി കാർഡിൽ റൂട്ട് രേഖപ്പെടു ത്തിയിരിക്കണം.
സ്വാശ്രയ വിദ്യാഭ്യാസ/പാരലൽ സ്ഥാപനങ്ങൾക്ക് ആർ ടി ഒ/ജോ. ആർ ടി ഒ അനുവദിച്ച കാർഡ് നിർബന്ധമാണ്. യൂണിവേഴ്‌സിറ്റിയിൽ രജിസ്റ്റർ ചെയ്ത, ഫുൾടൈം കോഴ്‌സുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മാത്രമേ കൺസെഷൻ അനുവദിക്കൂ. കൺസെഷൻ രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് മണി വരെ മാത്രമേ അനുവദിക്കൂ.

സർക്കാർ ഉത്തരവ് പ്രകാരവും ജില്ലാ സ്റ്റുഡന്റ്‌സ് ട്രാവലിങ് ഫെസിലിറ്റി കമ്മിറ്റി തീരുമാന പ്രകാരവും ആർ ടി ഒ/ജോയിന്റ് ആർ ടി ഒയുടെ ഒപ്പോടുകൂടിയ നിയമാനുസൃത കൺസെഷൻ കാർഡുകൾ ഓഗസ്റ്റ് 30 മുതൽ നിർബന്ധമാക്കിയിട്ടുണ്ടെന്നും ആർടിഒ അറിയിച്ചു.