തലയോലപ്പറമ്പ്: നിയന്ത്രണം വിട്ട കാർ മൂവാറ്റുപുഴയാറ്റിലേക്കു മറിഞ്ഞ് ഒരാൾ മരിച്ചു. വടയാർ മാലിയിൽ അശോകൻ (64) ആണു മരിച്ചത്. ഇന്നലെ രാത്രി ഒൻപതോടെ വടയാർ ഭാഗത്തുനിന്നു വന്ന കാറാണു മൂവാറ്റുപുഴയാറ്റിലേക്കു മറിഞ്ഞത്. ചക്കാലയിൽ ഉണ്ണിമിശിഹാ പള്ളിക്കു സമീപമാണ് അപകടം നടന്നത്.

വിവാഹപാർട്ടിയുമായി എത്തിയ ബസിന്റെ ഡ്രൈവർ അപകടം കണ്ടു രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്നു വൈക്കം അഗ്‌നിരക്ഷാസേനയും തലയോലപ്പറമ്പ് പൊലീസും സ്ഥലത്തെത്തി. ഒരു മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിലാണ് പുഴയിൽ നിന്നും കാർ കണ്ടെത്തിയത്.

കയർ കെട്ടി നാട്ടുകാരുടെ സഹായത്തോടെ കാർ വലിച്ചുകയറ്റുകയായിരുന്നു. കാറിൽ കുടുങ്ങിയ അശോകനെ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: മായ. മക്കൾ: ആര്യൻ (വിഷ്ണു), പാർവതി.