കൊല്ലം: പള്ളി സെമിത്തേരിയിലെ കല്ലറകൾ കുത്തിത്തുറന്നനിലയിൽ കണ്ടെത്തി. മാറനാട് മാർ ബർസൗമ ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിലെ രണ്ടു കല്ലറകളാണ് കുത്തിത്തുറന്നത്. ഇതിലൊന്നിന്റെ ഗ്രാനൈറ്റ് മേൽമൂടിയിൽ ഒരെണ്ണം കല്ലറയുടെ ഉള്ളിലേക്കു വീണനിലയിലാണ്. ഇരു കല്ലറകളിൽനിന്നും എന്തെങ്കിലും നഷ്ടപ്പെട്ടതായി കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

പത്തടിയോളം താഴ്ചയുള്ളതാണ് കല്ലറകൾ. മേൽമൂടി വീണത് ആറുവർഷംമുമ്പ് മൃതദേഹം അടക്കിയ കല്ലറയിലേക്കാണ്. മറ്റൊന്നിന്റെ മേൽമൂടി ഇളക്കിമാറ്റാൻ ശ്രമിച്ചനിലയിലാണ്. ശനിയാഴ്ച വൈകീട്ട് കുട്ടികളാണ് കല്ലറകളുടെ മൂടി ഇളകിക്കിടക്കുന്നത് കണ്ടത്. തുടർന്ന് പള്ളി അധികൃതർ പൊലീസിൽ അറിയിസമഗ്രമായ അന്വേഷണം നടത്തുമെന്ന് എഴുകോൺ ഐ.എസ്.എച്ച്.ഒ. ടി.ശിവപ്രകാശ് അറിയിച്ചു.

ദേവാലയപരിസരത്ത് അതിക്രമിച്ചുകയറി കല്ലറകൾ കുത്തിത്തുറന്നവരെ കണ്ടെത്തണമെന്ന് ഇടവക ട്രസ്റ്റി റെജി പണിക്കർ, സെക്രട്ടറി തോമസ് പണിക്കർ എന്നിവർ ആവശ്യപ്പെട്ടു. അഞ്ചുവർഷംമുമ്പ് സമീപത്തെ സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിലും ഒരു കല്ലറയുടെ മേൽമൂടിമാറ്റിയനിലയിൽ കണ്ടെത്തിയിരുന്നു.