മലയാളം പഠിക്കാൻ ഒരു വിശിഷ്ടാതിഥി; എംഎയ്ക്ക് ചേർന്ന് മുൻ വി സി

തിരുവനന്തപുരം: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ മലയാളം പഠിക്കാൻ ഒരു വിശിഷ്ട വിദ്യാർത്ഥിയെത്തുന്നു. കേരള സർവകലാശാലയുടെ മുൻ വൈസ് ചാൻസലർ ഡോ. ബി. ഇഖ്ബാലാണ് ഈ വിശിഷ്ട വിദ്യാർത്ഥി. വിദൂരവിദ്യാഭ്യാസത്തിനുള്ള സർവകലാശാലയിൽ എം.എ. മലയാളം പഠിക്കാനാണ് ചേർന്നത്.

വൈദ്യശാസ്ത്രം പഠിച്ച് ന്യൂറോ സർജനായപ്പോഴും അദ്ദേഹത്തിന്റെ മനസ്സിൽ ജ്വലിച്ചുനിന്ന മോഹമായിരുന്നു മലയാളം പഠിക്കണമെന്നത്. മലയാള ഭാഷയെയും സാഹിത്യത്തെയും ഒരു വിദ്യാർത്ഥിയുടെ അഭിനിവേശത്തോടെ ആരാധിക്കുകയാണ് അദ്ദേഹം ഇപ്പോഴും.

ഇഖ്ബാലിന്റെ മൂത്തസഹോദരൻ, എം.എ. മലയാളം പഠിച്ച കെ.ബി.എം. ഹുസൈൻ കേരളസർവകലാശാല വിദൂരവിദ്യാഭ്യാസ കേന്ദ്രത്തിലെ അദ്ധ്യാപകനായിരുന്നു. മറ്റൊരു സഹോദരൻ കെ.ബി.എം. ഷാഫിയുടെ മകൾ വിനീത മലയാളം എം.എ. ബിരുദം നേടി ഇപ്പോൾ അദ്ധ്യാപികയാണ്.

ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മുൻനിര പ്രവർത്തകനും ജനകീയാരോഗ്യ പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയുമായിരുന്ന ഇഖ്ബാലിന് ഒപ്പം പഠിക്കാൻ പരിഷത്തിന്റെ മുൻകാല പ്രവർത്തകനും നാടകപ്രവർത്തകനുമായ കെ. ഭാസ്‌കരനുമുണ്ട്.