കായംകുളം: സ്‌കൂട്ടറിൽ കെഎസ്ആർടിസി ബസിടിച്ച് സ്‌കൂൾ അദ്ധ്യാപികയ്ക്ക് ദാരുണാന്ത്യം. ഭഗവതിപ്പടി മേനാമ്പള്ളിയിലുള്ള വാടക വീട്ടിൽ നിന്നു കായംകുളം എസ്എൻ ഇന്റർനാഷനൽ സ്‌കൂളിലേക്ക് വരികയായിരുന്ന ഓലകെട്ടിയമ്പലം പാലമുറ്റത്ത് സുമമാണ് (51) മരിച്ചത്. കായംകുളം തട്ടാരമ്പലം റോഡിൽ തട്ടാവഴി ജംക്ഷനിലാണ് അപകടം ഉണ്ടായത്.

ഇന്നലെ രാവിലെ ഒൻപതിനാണ് സംഭവം. സുമം സഞ്ചരിച്ച സ്‌കൂട്ടറിൽ പിന്നാലെ വന്ന കെഎസ്ആർടിസി ബസ് തട്ടി ബസിനടിയിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ബസ് ഡ്രൈവർ ചന്ദ്രനെതിരെ നരഹത്യയ്ക്ക് കേസെടുത്തു. സുമത്തിന്റെ സംസ്‌കാരം ഇന്ന് 11ന് പാലമുറ്റത്ത് വീട്ടുവളപ്പിൽ നടക്കും. ഭർത്താവ് റിട്ട.കെഎസ്ആർടിസി ജീവനക്കാരൻ ജയകുമാർ. മകൻ അദ്വൈത്.