ചങ്ങനാശ്ശേരി: ചികിത്സയ്ക്കിടെ ബാലികയെ പീഡിപ്പിച്ചയാൾക്ക് 40 വർഷം കഠിനതടവും നാലുലക്ഷം രൂപ പിഴയും ശിക്ഷ. തിരുവല്ല കടപ്ര തിക്കപ്പുഴ കല്ലൂപ്പറമ്പിൽ ജ്ഞാനദാസി (47)നെയാണ് ശിക്ഷിച്ചത്. ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ജി.പി.ജയകൃഷ്ണനാണ് ശിക്ഷവിധിച്ചത്.

ചികിത്സയ്ക്കിടെ കുട്ടിയെ ഉപദ്രവിച്ച പ്രതി, അവരുടെ വീട്ടിൽനിന്ന് പലവട്ടം വൻതുക ഈടാക്കുകയും ചെയ്തു. ഭീഷണിപ്പെടുത്തിയാണ് ഇയാൾ കുട്ടിയെ ഉപദ്രവിച്ചതെന്നും കണ്ടെത്തി.

പിഴത്തുക ഇരയുടെ കുടുംബത്തിന് നൽകണം. പിഴ അടച്ചില്ലെങ്കിൽ ആറുവർഷം അധികതടവ് അനുഭവിക്കണം. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പി.എസ്.മനോജ് ഹാജരായി. ചങ്ങനാശ്ശേരി സിഐ.ആയിരുന്ന മനോജ് കുമാറാണ് കേസ് അന്വേഷിച്ചത്.