- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെള്ളം ചോദിച്ച ശേഷം കരണത്തടിച്ചു; വേദനകൊണ്ട് മുഖംപൊത്തിയപ്പോൾ മാല മോഷ്ടിച്ചു കള്ളൻ കടന്നു
കാട്ടാക്കട: വീട്ടിൽ വെള്ളം ചോദിച്ചെത്തിയ ശേഷം വയോധികയുടെ കരണത്തടിച്ച യുവാവ് രണ്ട് പവന്റെ മാല പൊട്ടിച്ച് കടന്നു കളഞ്ഞു. മുഖത്തും കണ്ണിനും ഗുരുതര പരുക്കേറ്റ മാറനല്ലൂർ കണ്ടല മയൂരം വീട്ടിൽ അരുന്ധതി(72) മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ 12 മണിയോടെയാണ് സംഭവം. വീടിന്റെ ഉമ്മറത്ത് ഇരിക്കുകയായിരുന്നു അരുന്ധതി.
അരുന്ധതിയും മകൾ സുജയുമാണ് അരുമാളൂരിലെ വീട്ടിൽ താമസിക്കുന്നത്. സുജ ജോലിക്ക് പോയിരുന്ന സമയത്താണ് ബൈക്കിലെത്തിയ യുവാവ് കുടിക്കാൻ വെള്ളം ചോദിച്ച് വീട്ടിലെത്തിയത്. അരുന്ധതി വെള്ളമെടുത്തുകൊടുക്കുകയും ചെയ്തു. വെള്ളം കുടിച്ചതിനുശേഷം ഗ്ലാസ് തിരികെ നൽകുമ്പോഴാണ് അരുന്ധതിയുടെ മുഖത്തടിച്ചത്. അടിയേറ്റ അരുന്ധതി നിലവിളിക്കാൻപോലും കഴിയാതെ മുഖം പൊത്തിപ്പിടിച്ചപ്പോൾ കഴുത്തിലുണ്ടായിരുന്ന മാല പൊട്ടിച്ചെടുക്കുകയായിരുന്നു. മൂക്കിൽക്കൂടി രക്തം വാർന്നൊഴുകിയ അരുന്ധതി പുറത്തിറങ്ങി നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു.
ഇവർ മക്കളെ വിവരമറിയിച്ചു. പിന്നാലെ സ്ഥലത്തെത്തിയ മാറനല്ലൂർ പൊലീസ് ഇവരെ നെയ്യാറ്റിൻകര ആദ്യം ജനറൽ ആശുപത്രിയിലേക്കു കൊണ്ടു പോയെങ്കിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.കൈലി മുണ്ട് ഉടുത്ത ഒരാൾ ഉച്ചയോടെ അരുന്ധതിയുടെ വീടിനു സമീപത്തുള്ള മറ്റൊരു വീടിന്റെ മതിൽ ചാടിക്കടന്ന് റബർ പുരയിടത്തിലേക്ക് ഓടി മറഞ്ഞതായി പരിസരവാസികളിൽ ചിലർ പൊലീസിനോട് പറഞ്ഞു.
ഇയാളാണ് മോഷ്ടാവെന്നു കരുതുന്നു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നു. വയോധിക പറഞ്ഞ രൂപ സാദൃശ്യമുള്ള ഒരാൾ ഈ സമയം റോഡിലൂടെ നടന്ന് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടിരുന്നു. വീടും പരിസരവും പരിചിതമായ വ്യക്തിയാണ് മോഷ്ടാവെന്നാണു പൊലീസ് നിഗമനം.



