തലശേരി: ഇടയിൽ പീടികയിൽ ബിജെപി പ്രവർത്തകനായ വടക്കുംമ്പാട് കൂളി ബസാറിൽ യശ്വന്ത് (28) ന് വെട്ടേറ്റ സംഭവത്തിന് പിന്നിൽ പാനൂർ മുത്താറിപ്പിടിക സ്വദേശിയായ യുവാവാണെന്ന് തെളിഞ്ഞതായി ന്യൂമാഹി പൊലിസ് ഇന്ന് അറിയിച്ചു.

വ്യക്തി വൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്നാണ് സൂചന. കാറിലും, ബൈക്കിലുമെത്തിയ നാലംഗ സംഘമാണ് അക്രമം നടത്തിയത്.മൊകേരി, അരയാക്കൂൽ, കണ്ടോത്തുംചാൽ സ്വദേശികളായ മൂന്നു പേരും കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണ്. പ്രതികൾ സി പി എം പ്രവർത്തകരാണെങ്കിലും, പാർട്ടി നേതൃത്വം അക്രമസംഭവത്തെ തള്ളി പറഞ്ഞിട്ടുണ്ട്.

ഇരുപതോളം വെട്ടേറ്റ യശ്വന്ത് കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ന്യൂമാഹി സി ഐ.രാജന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം പുരോഗമിക്കുന്നത്.