- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യം പരിഗണിക്കേണ്ടത് സ്‌കൂൾ സർട്ടിഫിക്കറ്റ്; പ്രതിയുടെ പ്രായം കണക്കാക്കാനുള്ള രേഖയായി ആധാർ കാർഡ് അംഗീകരിച്ചിട്ടില്ലെന്നു ഹൈക്കോടതി
കൊച്ചി: പ്രതിയുടെ പ്രായം സംബന്ധിച്ച് തർക്കമുണ്ടെങ്കിൽ സ്‌കൂൾ സർട്ടിഫിക്കറ്റാണ് ആദ്യം പരിഗണിക്കേണ്ടതെന്ന് ഹൈക്കോടതി. ബാലനീതി നിയമപ്രകാരം പ്രതിയുടെ പ്രായം കണക്കാക്കാനുള്ള രേഖയായി ആധാർ കാർഡ് അംഗീകരിച്ചിട്ടില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി. പ്രായം സംബന്ധിച്ചു തർക്കമുണ്ടെങ്കിൽ സ്‌കൂൾ സർട്ടിഫിക്കറ്റാണ് ആദ്യം പരിഗണിക്കേണ്ടത്. അത് ഇല്ലെങ്കിൽ തദ്ദേശ സ്ഥാപനങ്ങളിൽനിന്നുള്ള ജനന സർട്ടിഫിക്കറ്റ് ആവാം. ഈ രണ്ട് രേഖകളും ഇല്ലെങ്കിൽ പ്രായം നിർണയിക്കാനുള്ള മെഡിക്കൽ പരിശോധനയാണു നിയമത്തിൽ പറയുന്നതെന്നും കോടതി വ്യക്തമാക്കി.
പീരുമേട് പൊലീസ് രജിസ്റ്റർ ചെയ്ത പോക്‌സോ കേസിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ അസം സ്വദേശി സോഫിക്കുൾ ഇസ്ലാമിനു ജാമ്യം നിഷേധിച്ചു കൊണ്ടാണു ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ഉത്തരവ്. വിവാഹിതനായ പ്രതി അയൽവീട്ടിലെ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു എന്ന് ആരോപിച്ചാണു പീരുമേട് പൊലീസിന്റെ കേസ്. ആധാർ കാർഡിൽ രേഖപ്പെടുത്തിയത് അനുസരിച്ച് 16 വയസ്സ് ആയിട്ടേ ഉള്ളൂ എന്നും കുട്ടി ആയതിനാൽ അറസ്റ്റ് പാടില്ലെന്നും ഹർജിക്കാരൻ വാദിച്ചു. എന്നാൽ, സ്‌കൂളിലെ വിടുതൽ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയ പ്രകാരം 19 വയസ്സുണ്ടെന്നു പറഞ്ഞ് പ്രോസിക്യൂട്ടർ എതിർത്തു.
അസം ആരോഗ്യ വകുപ്പിന്റെ ജനന സർട്ടിഫിക്കറ്റ് പരിഗണിക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു. എന്നാൽ, സ്‌കൂൾ രേഖയുള്ളപ്പോൾ അതു പരിഗണിക്കേണ്ട കാര്യമില്ലെന്നു കോടതി വ്യക്തമാക്കി. പ്രതിയുടെ പ്രായം 18നു മുകളിലാണെന്നു പ്രഥമദൃഷ്ട്യാ വ്യക്തമാണ്. ഒളിവിൽ പോകാൻ ഇടയുള്ള സാഹചര്യത്തിൽ ജാമ്യം അനുവദിക്കാനാവില്ലെന്നു കോടതി പറഞ്ഞു.



