പാലക്കാട്: ബൈക്ക് യാത്രികനായ ഗൃഹനാഥനെ കാറിലെത്തിയ സംഘം ഇടിച്ചുവീഴ്‌ത്തി തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കവെ പിടിയിൽ. മുതലമടയിലെ കബീറിനെയാണു സാമ്പത്തിക ഇടപാടിന്റെ പേരിൽ തമിഴ്‌നാട് സ്വദേശികളായ മൂന്നംഗ സംഘം കാറിൽ കടത്താൻ ശ്രമിച്ചത്. ആദ്യം അപകടമെന്നാണു നാട്ടുകാർ കരുതിയത്.

പിന്നീടു സംശയം തോന്നി പൊലീസിനെ വിവരമറിയിച്ചു. അതിവേഗം തമിഴ്‌നാട് ഭാഗത്തേക്കു നീങ്ങിയ വാഹനം മീനാക്ഷിപുരം പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. പരുക്കേറ്റ കബീറിനെ ചിറ്റൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മധുര മേലൂർ സ്വദേശികളായ വിജയ് (26), ഗൗതം (25), ശിവ (42) എന്നിവരെ കൊല്ലങ്കോട് പൊലീസ് അറസ്റ്റ് ചെയ്തു.