- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അപകടത്തിൽപെട്ട ബൈക്ക് നന്നാക്കുന്നതിനെ ചൊല്ലി തർക്കം; സംഘർഷത്തിനിടെ ഗൃഹനാഥൻ മരിച്ചു: രണ്ട് യുവാക്കൾക്കെതിരെ കേസ്
കട്ടപ്പന: അപകടത്തിൽപെട്ട ബൈക്ക് നന്നാക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ കുഴഞ്ഞുവീണ ഗൃഹനാഥൻ മരിച്ചു. വാഴവര നിർമലാസിറ്റി പാറയ്ക്കൽ രാജു ജോർജ് (47) ആണു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് വാഴവര കുഴിയാത്ത് ഹരികുമാർ (28), കാരിക്കുഴിയിൽ ജോബിൻ അഗസ്റ്റിൻ (25) എന്നിവർക്കെതിരെ കേസെടുത്തു. ജോബിനെ അറസ്റ്റ് ചെയ്തു. ഹരികുമാർ പൊലീസ് നിരീക്ഷണത്തിൽ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ബൈക്ക് നന്നാക്കാൻ പണം നൽകുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനും കയ്യാങ്കളിക്കുമിടെയാണ് സംഭവം. രാജുവിന്റെ മകൻ രാഹുലിന്റെ സുഹൃത്തുക്കളാണു ഹരികുമാറും ജോബിനും. ശനിയാഴ്ച രാത്രി പത്തോടെ രാജുവിന്റെ വീട്ടിലായിരുന്നു സംഭവം. ഹരികുമാറിന്റെ ബൈക്ക് അപകടത്തിൽപ്പെട്ടത് നന്നാക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെയാമ് മരണം സംഭവിച്ചത്. ഹരികുമാറിന്റെ ബൈക്ക് രാജുവിന്റെ മകൻ രാഹുൽ യാത്രയ്ക്കായി വാങ്ങിയിരുന്നു. 18നു ബൈക്ക് അപകടത്തിൽപെട്ടു. രാഹുലിനു പരുക്കേൽക്കുകയും വാഹനത്തിനു കേടുപാട് സംഭവിക്കുകയും ചെയ്തു.
ബൈക്ക് നന്നാക്കാനാവശ്യമായ 5,000 രൂപ നൽകാമെന്നു രാഹുലിന്റെ വീട്ടുകാർ ഹരികുമാറിനെ അറിയിച്ചിരുന്നു. ശനിയാഴ്ച രാത്രി ഹരികുമാറും ജോബിനും പണം ചോദിച്ചു രാഹുലിന്റെ വീട്ടിലെത്തി. തുടർന്നുണ്ടായ തർക്കം സംഘർഷത്തിനു കാരണമായി. ഇതിനിടെ രാജു കുഴഞ്ഞുവീണു. വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.രാജുവിന്റെ ശരീരത്തിൽ മാരകമായ പരുക്കുകളില്ലെന്നും സംഘർഷത്തിനിടെ ഹൃദയാഘാതം ഉണ്ടായതാണു മരണകാരണമെന്നു പോസ്റ്റ്‌മോർട്ടത്തിൽ സ്ഥിരീകരിച്ചതായി പൊലീസ് അറിയിച്ചു. രാജുവിന്റെ സംസ്‌കാരം നടത്തി. ഭാര്യ: ഓമന.



