കാഞ്ഞിരപ്പള്ളി: വിവാഹം കഴിഞ്ഞതിന് പിന്നാലെ സഹോദരങ്ങളെ തേടി എത്തിയത് 70 ലക്ഷം രൂപയുടെ ലോട്ടറി ഭാഗ്യം. ഏക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമാണ് ഇരുവരേയും തേടി എത്തിയത്. ചോറ്റി കിടങ്ങിൽ കെ.എസ്.ശ്രീരാജ്, കെ.എസ്.കൃഷ്ണ എന്നിവർക്കാണ് ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ അടിച്ചത്. എആർ 937475 എന്ന നമ്പറിനാണു സമ്മാനം. ഇരുവർക്കും സ്റ്റാൻഡിൽ കെജിഎസ്, മഹാലക്ഷ്മി എന്നീ ലോട്ടറിക്കടകളുണ്ടെങ്കിലും ഭാഗ്യം വന്നതു മറ്റൊരു കടയിൽ നിന്നെടുത്ത ടിക്കറ്റിനാണ്.

ശനിയാഴ്ച വൈകിട്ട് ടൗണിലെ ജയകുമാർ ലക്കി സെന്ററിൽ നിന്നെടുത്ത ടിക്കറ്റാണു സമ്മാനാർഹമായത്. 13 നാണ് ഇരുവരും വിവാഹിതരായത്. അശ്വതിയാണു ശ്രീരാജിന്റെ ഭാര്യ. കൃഷ്ണയുടെ ഭാര്യ ശ്രീക്കുട്ടിയും. ചോറ്റിയിൽ വാടകയ്ക്കു താമസിക്കുന്ന ഇവർക്കു കാഞ്ഞിരപ്പള്ളിയിൽ സ്വന്തമായി വീടു നിർമ്മിക്കണമെന്നാണ് ആഗ്രഹം. പിതാവ് കെ.ജി.സുദർശൻ ബസ് സ്റ്റാൻഡിൽ ചായക്കട നടത്തുകയാണ്. അമ്മ: വത്സല.