ന്യൂയോർക്ക്: ഐക്യരാഷ്ട്ര സംഘടനയുടെ (യുഎൻ) ന്യൂയോർക്കിലെ ആസ്ഥാന മന്ദിരത്തിൽ മഹാത്മാഗാന്ധിയുടെ പ്രതിമ സ്ഥാപിക്കുന്നു. ഇതാദ്യമായാണ് യുഎൻ ആസ്ഥാനത്ത് ഗാന്ധി പ്രതിമ സ്ഥാപിക്കുന്നത്. യുഎൻ ആസ്ഥാനത്തിന്റെ വടക്കുഭാഗത്തുള്ള പുൽത്തകിടിയിലാണ് ഇന്ത്യയുടെ സമ്മാനമായ പ്രതിമയുടെ സ്ഥാനം. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഡിസംബർ 14ന് അനാഛാദനം ചെയ്യും. യുഎൻ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടെറസും രക്ഷാസമിതിയിലെ 15 അംഗരാജ്യങ്ങളുടെ പ്രതിനിധികളും പങ്കെടുക്കും.

പത്മശ്രീ പുരസ്‌കാര ജേതാവും സ്റ്റാച്യു ഓഫ് യൂണിറ്റിയുടെ ശിൽപിയുമായ റാം സുത്താറാണു ശിൽപി. ലോകരാജ്യങ്ങൾ നൽകുന്ന ശിൽപങ്ങളും കലാസൃഷ്ടികളും യുഎൻ ആസ്ഥാനമന്ദിരത്തിൽ സ്ഥാപിക്കാറുണ്ട്. ജർമനി നൽകിയ ബർലിൻ മതിലിന്റെ ഒരു ഭാഗം, ദക്ഷിണാഫ്രിക്ക നൽകിയ നെൽസൺ മണ്ടേലയുടെ പ്രതിമ എന്നിവയെല്ലാം ഇക്കൂട്ടത്തിലുള്ളതാണ്. കരിങ്കല്ലിൽ തീർത്ത സൂര്യശിൽപമാണു മുൻപ് ഇന്ത്യ നൽകിയിട്ടുള്ളത്. 1982 ജൂലൈ 26നു പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് ഇതു നൽകിയത്.