തിരുവനന്തപുരം: വിഴിഞ്ഞം സംഘർഷവുമായി ബന്ധപ്പെട്ടുള്ള എഫ് ഐ ആറിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. സമരക്കാർ പൊലീസിനെ ചുട്ടുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. സംഘം ചേർന്ന് പൊലീസിനെ ബന്ദിയാക്കിയെന്നും 85 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നും എഫ് ഐ ആറിൽ പറയുന്നു. വധശ്രമത്തിനും ജോലി തടഞ്ഞതിനും കേസെടുത്തിട്ടുണ്ട്. സംഘർഷത്തിൽ കണ്ടാലറിയാവുന്ന മൂവായിരം പേർക്കെതിരെ കേസെടുത്തു.

വൈദികരെയടക്കം ആരെയും പേരെടുത്ത് പ്രതിയാക്കിയിട്ടില്ലെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. അതേസമയം, പൊലീസ് സ്റ്റേഷൻ ആക്രമിച്ച കേസിൽ കർശന നടപടിയുണ്ടാകുമെന്ന് എ ഡി ജി പി എം ആർ അജിത് കുമാർ അറിയിച്ചു. മൂന്ന് മണിക്കൂറോളം പൊലീസിനെ ആക്രമിച്ച ശേഷമാണ് ലാത്തി വീശിയതെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, വിഴിഞ്ഞത്ത് കഴിഞ്ഞ ദിവസം അറസ്റ്റിലായ നാല് സമരക്കാരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിട്ടുണ്ട്. ആദ്യം അറസ്റ്റുചെയ്ത സെൽട്ടനെ റിമാൻഡ് ചെയ്തു. ഇയാളെ മോചിപ്പിക്കാനെത്തിയതായിരുന്നു ബാക്കി നാലുപേർ.

ഇന്നലെൈവകിട്ട് ആറരയോടെയായിരുന്നു അക്രമങ്ങൾക്ക് തുടക്കം. ഇരുമ്പ് കമ്പികളും പങ്കായങ്ങളുമായാണ് സ്റ്റേഷൻ ആക്രമിച്ചത്. നാലു ജീപ്പുകളും രണ്ടു വാനുകളും ഇരുപത് ബൈക്കുകളും തകർത്തു. പൊലീസുകാരെ ആശുപത്രിയിലെത്തിക്കാൻ വിളിച്ചുവരുത്തിയ ആംബുലൻസുകൾ ഭീഷണിപ്പെടുത്തി മടക്കി അയച്ചു. 600ലേറെ പൊലീസുകാർ വിവിധ സ്റ്റേഷനുകളിൽ നിന്നെത്തിയാണ് സ്റ്റേഷന്റെ നിയന്ത്രണം തിരിച്ചു പിടിച്ചത്. തുടർന്നാണ് പൊലീസുകാരെ ആശുപത്രിയിലെത്തിക്കാനായത്. റാപ്പിഡ് ആക്ഷൻ ഫോഴ്സ് എത്തി നിലയുറപ്പിച്ചെങ്കിലും അക്രമികൾ പിരിഞ്ഞു പോയില്ല. രാത്രി ഒൻപതോടെ ടിയർ ഗ്യാസ് പ്രയോഗിച്ചു. സ്ഥിതി ഗുരുതരമായതോടെ എറണാകുളം, ആലപ്പുഴ,കൊല്ലം, ഇടുക്കി ജില്ലകളിൽ നിന്നുള്ള അഞ്ഞൂറിലേറെ സായുധ പൊലീസ് വിഴിഞ്ഞത്ത് എത്തി.

ശനിയാഴ്ചത്തെ അക്രമവുമായി ബന്ധപ്പെട്ട് വിഴിഞ്ഞം സ്വദേശി സെൽറ്റനെ ഇന്നലെ രാവിലെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വൈകിട്ട് സ്റ്റേഷനിലെത്തിയ മുത്തപ്പൻ, ലിയോ, ശംഖി, പുഷ്പരാജ് എന്നിവരും അറസ്റ്റിലായതോടെയാണ് സ്ത്രീകൾ അടക്കമുള്ള സംഘം സ്റ്റേഷൻ ആക്രമിച്ചത്. സ്റ്റേഷൻ വളഞ്ഞ് കല്ലേറു നടത്തിയ സംഘം ഇരച്ചുകയറി പൊലീസ് ഉദ്യോഗസ്ഥരെ മർദ്ദിക്കുകയായിരുന്നു. ഫർണിച്ചറും കമ്പ്യൂട്ടറുകളും വയർലെസ് സെറ്റുകളും അടക്കം തകർത്തു. ശനിയാഴ്ചത്തെ ആക്രമണവുവമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ സഹായമെത്രാൻ ഡോ.ആർ.ക്രിസ്തുദാസ് രണ്ടാം പ്രതിയും വികാരി ജനറൽ യൂജിൻ പെരേര മൂന്നാം പ്രതിയുമാണ്.

105 ദിവസമായി ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ വിഴിഞ്ഞത്ത് സമരം നടത്തുകയാണ്. തുറമുഖത്തിന്റെ പണിയും മുടങ്ങി. വിദേശത്തുനിന്ന് എത്തിച്ച ബാർജുകളുൾപ്പെടെ നിർമ്മാണസാമഗ്രികൾ സംസ്ഥാനത്തിന്റെ പല തുറമുഖങ്ങളിൽ നിർത്തിയിട്ടിരിക്കുന്നത്. ഇവയുടെ വാടകയിനത്തിൽ ദിവസവും ലക്ഷങ്ങളാണ് നഷ്ടമെന്ന് അദാനി പറയുന്നു. സമയബന്ധിതമായി പണി തീർക്കാൻ മുഖ്യമന്ത്രിയുൾപ്പെടെ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വിദേശത്തുനിന്ന് അടിയന്തരമായി ബാർജുകൾ എത്തിച്ചത്. 200 കോടിയുടെ നഷ്ടമുണ്ടായതായാണ് വാദം. കേരളത്തിന്റെ സ്വപ്ന പദ്ധതിയാണെന്ന് വ്യക്തമാക്കി ചൊവ്വാഴ്ച തുറമുഖവകുപ്പ് സെമിനാർ നടത്തുന്നുണ്ട്. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന സെമിനാറിൽ പ്രതിപക്ഷത്തുനിന്ന് ശശി തരൂർ എംപി.ക്ക് മാത്രമാണ് ക്ഷണമുള്ളത്.