തിരുവനന്തപുരം: 15 വർഷം കഴിഞ്ഞ എല്ലാ സർക്കാർ വാഹനങ്ങളും അടുത്ത ഏപ്രിൽ ഒന്നിനുശേഷം പൊളിക്കണം. കെഎസ്ആർടിസി ഉൾപ്പെടെയുള്ള ട്രാൻസ്‌പോർട്ട് കോർപറേഷനുകൾക്കും ഇത് ബാധകമാകും. ഇതോടെ അടുത്ത വർഷം നൂറു കണക്കിന് ബസുകൾ പൊളിക്കേണ്ടി വരും. കെഎസ്ആർടിസിയിൽ 14 വർഷം കഴിഞ്ഞ 331 ബസുകൾ നിലവിലുണ്ട്. ചട്ടം നടപ്പായാൽ അടുത്ത വർഷം ഇവ പൊളിക്കേണ്ടിവരും.

ഇതു സംബന്ധിച്ച കരടുവിജ്ഞാപനം പൊതുജനാഭിപ്രായം തേടുന്നതിനായി കേന്ദ്രം പ്രസിദ്ധീകരിച്ചു. 13-14 വർഷമായ 671 ബസുകളും 12-13 വർഷമായ 586 ബസുകളും കെഎസ്ആർടിസിക്കുണ്ട്. പുതിയ ചട്ടം നടപ്പായാൽ 15 വർഷം കഴിഞ്ഞ ഒരു സർക്കാർ വാഹനത്തിനും jജിസ്‌ട്രേഷൻ പുതുക്കില്ല. 1989ലെ കേന്ദ്ര മോട്ടർ വാഹന ചട്ടങ്ങളിലാണ് ഇതുസംബന്ധിച്ച വ്യവസ്ഥ ഉൾപ്പെടുത്തുന്നത്.

കേന്ദ്ര/സംസ്ഥാന സർക്കാരുകൾ, കോർപറേഷൻ, മുനിസിപ്പാലിറ്റി, പഞ്ചായത്ത്, സംസ്ഥാന ഗതാഗത വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെ കീഴിലുള്ള സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയ്‌ക്കെല്ലാം പുതിയ ചട്ടം ബാധകമാകും. സർക്കാരിന്റെ പക്കലുള്ള 15 വർഷം പൂർത്തിയാക്കിയ എല്ലാ വാഹനങ്ങളും പൊളിക്കുമെന്നു കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതു സംബന്ധിച്ച നയരേഖ സംസ്ഥാനങ്ങൾക്കും അയച്ചു.