- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിൽവർലൈൻ പദ്ധതി പിൻവലിക്കപ്പെട്ടിട്ടില്ല; ഉദ്യോഗസ്ഥരെ മറ്റൊരു വഴിയിലേക്ക് കൊണ്ടുപോകൽ മാത്രമെന്ന് റവന്യൂ മന്ത്രി
തിരുവനന്തപുരം: സിൽവർലൈൻ പദ്ധതി പിൻവലിക്കപ്പെട്ടിട്ടില്ലെന്ന് റവന്യൂ മന്ത്രി കെ. രാജൻ. നിലവിൽ അതിന് നിയോഗിച്ച ഉദ്യോഗസ്ഥരെ മറ്റൊരു വഴിക്ക് കൊണ്ടുപോകൽ മാത്രമാണ് തിങ്കളാഴ്ചത്തെ ഉത്തരവിലൂടെ വ്യക്തമാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
കെ റെയിലിനായി ഭൂമിയേറ്റെടുക്കാൻ നിർദേശിച്ച എല്ലാ ഉദ്യോഗസ്ഥരെയും റവന്യൂ വകുപ്പ് മടക്കി വിളിച്ചിരുന്നു. പതിനൊന്ന് ജില്ലകളിലായി ഭൂമിയേറ്റെടുക്കൽ നടപടികൾക്ക് നിയോഗിച്ച 205 ഉദ്യോഗസ്ഥരെയാണ് തിരികെ വിളിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
'പദ്ധതി പിൻവലിച്ചതായി നമുക്കറിയില്ല. അങ്ങനെ തീരുമാനിച്ചിട്ടില്ല. അതിലൊരു അഭിപ്രായം പറയാൻ എനിക്ക് സാധിക്കില്ല. സാമൂഹിക ആഘാത പഠനം നടത്തുന്നതിന് അനിവാര്യമായ ചില നടപടിക്രമങ്ങളിലേക്ക് പോകണം എന്നുള്ളതുകൊണ്ടും റെയിൽവേ ബോർഡിന്റെ അനുവാദം കിട്ടിയതിന് ശേഷമേ ആ നടപടികളിലേക്ക് പോകൂ എന്ന് സർക്കാർ വ്യക്തമാക്കിയ സാഹചര്യത്തിലും നിലവിൽ അതിന് ചുമതലപ്പെടുത്തിയവരെ മറ്റൊരു വഴിയിലേക്ക് കൊണ്ടുപോകാം എന്ന് മാത്രമേ ഇന്ന് കൊടുത്ത നിർദേശത്തിന് അർഥമുള്ളൂ' റവന്യൂ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
റെയിൽവേ ബോർഡിന്റെ അനുമതി ലഭിച്ചാൽ ഈ ഉദ്യോഗസ്ഥരെ തിരികെ കൊണ്ടുവരാൻ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഭൂമിയേറ്റെടുക്കാനുള്ള റെയിൽവേയുടേയും കേന്ദ്ര സർക്കാരിന്റേയും അനുവാദം ലഭ്യമായതിന് ശേഷം മാത്രമേ ഭൂമിയേറ്റെടുക്കൽ നടപടികളിലേക്ക് പോകുകയുള്ളൂവെന്നും കെ.രാജൻ വ്യക്തമാക്കി.




