- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിഴിഞ്ഞം കെ എസ് ആർ ടി സി ഡിപ്പോ ആക്രമണത്തിൽ 8 ലക്ഷത്തിന്റെ നാശനഷ്ടം; 50 പേർക്കെതിരെ കേസ്
തിരുവനന്തപുരം: വിഴിഞ്ഞം കെഎസ്ആർടിസി ഡിപ്പോ ആക്രമിച്ച് ബസുകൾ തകർത്ത സംഭവത്തിലും പൊലീസ് കേസെടുത്തു. കണ്ടാൽ അറിയാവുന്ന 50 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ബസ് തകർത്തതിലൂടെ 7,96,000 രൂപയുടെ നാശനഷ്ടം സംഭവിച്ചെന്ന് എഫ്ഐആറിൽ പറയുന്നു.
വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ കണ്ടാലറിയാവുന്ന 3000 പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. വധശ്രമം ലഹളയുണ്ടാക്കൽ, പൊലീസ് സ്റ്റേഷൻ അക്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. ഇന്നലെ നടന്ന ആക്രണത്തിൽ 38 ഓളം പൊലീസുകാർക്ക് പരുക്കേറ്റിരുന്നു.കനത്ത ജാഗ്രതയിലാണ് വിഴിഞ്ഞം തുറമുഖവും തീരദേശ മേഖലകളും. സമര പന്തൽ അടക്കമുള്ള സ്ഥലങ്ങളിൽ പൊലീസ് സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. ശബരിമലയിൽ നിന്ന് നൂറു പൊലീസുകാരെയും വിഴിഞ്ഞത്തേക്ക് നിയോഗിച്ചിട്ടുണ്ട്. ശബരിമല അഡീഷണൽ ഡ്യൂട്ടിയിലുള്ള പൊലീസുകാരെയാണ് വിഴിഞ്ഞത്ത് നിയോഗിച്ചത്. ഉടൻ വിഴിഞ്ഞത്ത് എത്താനാണ് ഇവർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.
അതേസമയം വിഴിഞ്ഞത്ത് സംഘർഷം ഒഴിവാക്കാൻ കളക്ടർ വിളിച്ച സർവകക്ഷി യോഗം തീരുമാനമാകാതെ പിരിഞ്ഞു. തുറമുഖ നിർമ്മാണം നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട സമരസമിതി സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നും വ്യക്തമാക്കി. ഇന്നലത്തെ പൊലീസ് സ്റ്റേഷൻ ആക്രമണം സ്വാഭാവിക പ്രതികരണമാണെന്നായിരുന്നു സമരസമിതി നിലപാട്. ആക്രമണങ്ങളെ സമരസമിതി ഒഴികെ സർവ്വകക്ഷിയോഗത്തിൽ പങ്കെടുത്തവർ അപലപിച്ചു. പൊലീസ് സ്റ്റേഷൻ ആക്രമണം കേട്ടുകേൾവി ഇല്ലാത്തതാണെന്നും ഇത്തരം പ്രവണത അനുവദിക്കില്ലെന്നും ചർച്ചയിൽ പങ്കെടുത്ത മന്ത്രി ജി ആർ അനിൽ വ്യക്തമാക്കി. സമരസമിതി ഒഴികെയുള്ള എല്ലാവരും വിഴിഞ്ഞം തുറമുഖം വേണമെന്ന് നിലപാടെടുത്തു.




