ചാലക്കുടി: ചുരിദാറിന്റെ ഷാൾ ചക്രത്തിൽ കുടുങ്ങി ബൈക്കിൽ നിന്നും തെറിച്ചു വീണ വീട്ടമ്മ മരിച്ചു. മേലൂർ-കുവക്കാട്ടുകുന്ന് പുല്ലോക്കാരൻ സത്യന്റെ ഭാര്യ രേഖ (46) യാണ് മരിച്ചത്. ഞായറാഴ്ച രാത്രി 10.30-നായിരുന്നു അപകടം. തലവേദനയെ തുടർന്ന് ചാലക്കുടി സെയ്ന്റ് ജെയിംസ് ആശുപത്രിയിൽ ചികിത്സ തേടി സഹോദരനൊപ്പം ബൈക്കിൽ വീട്ടിലേയ്ക്ക് മടങ്ങുമ്പോൾ നോർത്ത് ചാലക്കുടിയിലായിരുന്നു അപകടം.

ചുരിദാറിന്റെ ഷാൾ ബൈക്കിന്റെ ചക്രത്തിൽ കുടുങ്ങിയപ്പോൾ താഴേയ്ക്ക് വീഴുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റു. ഉടൻ സെയ്ന്റ് ജെയിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽ താത്കാലിക ജീവനക്കാരിയായിരുന്നു. മക്കൾ: അഭിജിത്ത്, അൻജിത്ത്. സംസ്‌കാരം ചൊവ്വാഴ്ച 11-ന് മേലൂർ പഞ്ചായത്ത് ക്രിമെറ്റോറിയത്തിൽ.