ചെന്നൈ: രാത്രി കാമുകിയെ കാണാൻ എത്തിയതിന് നാട്ടുകാരുടെ മർദനത്തിനിരയായ കോളേജ് വിദ്യാർത്ഥി ജീവനൊടുക്കി. ശിവഗംഗ ജില്ലയിലെ തിരുഭുവനവത്തിലുള്ള മുരുകാനന്ദത്തിന്റെ മകൻ ജീവസൂര്യ(18)യാണ് ആത്മഹത്യ ചെയ്തത്. നാട്ടുകാർ തല്ലിയതിനു പിന്നാലെ വീട്ടിലെത്തിയ വിദ്യാർത്ഥി മുറിയിൽ കയറി തൂങ്ങിമരിക്കുക ആയിരുന്നു. കാമുകിയുടെ വീടിന് സമീപം ജീവസൂര്യയെ നാട്ടുകാർ തടഞ്ഞുവെക്കുകയും മർദിക്കുകയും ചെയ്യുന്ന വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.

കഴിഞ്ഞദിവസം രാത്രി വീട്ടിൽനിന്ന് ബൈക്കിൽ പുറത്തേക്കുപോയ ജീവസൂര്യ തിരികെ നടന്നാണ് വന്നത്. മൊബൈൽ ഫോണും കൈവശമുണ്ടായിരുന്നില്ല. മുഖത്ത് പരിക്കുകളുമുണ്ടായിരുന്നു. ഇതേക്കുറിച്ച് മാതാപിതാക്കൾ ചോദിച്ചിട്ടും മറുപടി പറയാതെ മുറിയിലേക്കു പോകുകയായിരുന്നു. കുറച്ചുസമയത്തിനുശേഷം സംശയം തോന്നി മുറിയിൽ കയറി നോക്കിയപ്പോൾ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തി. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പൊലീസന്വേഷണത്തിൽ സമീപഗ്രാമത്തിലുള്ള കാമുകിയെ കാണാനെത്തിയപ്പോൾ ചിലർ തടഞ്ഞുവെക്കുകയും മർദിക്കുകയുമായിരുന്നെന്ന് തെളിഞ്ഞു. പ്രതികളെ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും പ്രതിഷേധ പ്രകടനം നടത്തി.