കോട്ടയം: എംജി സർവ്വകലാശാലക്ക് കീഴിലുള്ള കോളജുകളിലെ യൂണിയൻ തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം ആവർത്തിച്ച് എസ്എഫ്‌ഐ. ഭൂരിപക്ഷം കോളജുകളിലും എസ്എഫ്‌ഐ ഒറ്റക്ക് വിജയിച്ചു. കൗൺസിലർമാരുടെ എണ്ണത്തിലും എസ്എഫ്‌ഐ തന്നെയാണ് മുന്നിൽ.

എറണാകുളം മഹാരാജാസ് കോളേജിൽ മുഴുവൻ സീറ്റിലും എസ്എഫ്ഐ സാരഥികൾ ചരിത്ര ഭൂരിപക്ഷത്തിൽ വിജയിച്ചു. ചങ്ങനാശേരി എസ്ബി കോളേജിലും എസ്എഫ്ഐയ്ക്ക് വിജയം. കോളേജിലെ ആദ്യ വനിതാ ചെയർപേഴ്സൺ ആയി അമൃത സിഎച്ച് തെരഞ്ഞെടുക്കപ്പെട്ടു. 130 കോളേജുകളിൽ 116 ഇടത്ത് എസ്എഫ്‌ഐ വൻ ഭൂരിപക്ഷത്തിൽ യൂണിയൻ സ്വന്തമാക്കി.

കോട്ടയം ജില്ലയിൽ തെരഞ്ഞെടുപ്പ് നടന്ന 38 കോളേജുകളിൽ 37 ഇടത്തും, എറണാകുളത്ത് 48 കോളേജുകളിൽ 40 ഇടത്തും, ഇടുക്കി 26 ൽ 22 ഇടത്തും, പത്തനംതിട്ടയിൽ 17 ൽ 16 ഇടത്തും, ആലപ്പുഴ ജില്ലയിലെ ഏക ക്യാമ്പസിലും എസ് എഫ് ഐ വിജയിച്ചു.

എയ്ഡഡ്, അൺഎയ്ഡഡ്, ഓട്ടോണമസ് ഉൾപ്പെടെ 250 ഓളം കോളജുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. 130 കോളജുകളിലാണ് രാഷ്ട്രീയ അടിസ്ഥാനത്തിലുള്ള തെരഞ്ഞെടുപ്പ് നടന്നത്.