- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലഹരി ഉപയോഗത്തിനെതിരായ പോരാട്ടം ശക്തിപ്പെടുത്തണമെന്നും ഇതിന് വിദ്യാർത്ഥികളുടെയും രക്ഷകർത്താക്കളുടെയും പിന്തുണ അത്യാവശ്യമാണെന്നും സ്പീക്കർ; ലഹരിക്കെതിരെ വിദ്യാർത്ഥികളുടെ ലഹരി വിരുദ്ധ പാർലമെന്റ്
തിരുവനന്തപുരം: പാറശ്ശാല ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കായുള്ള ലഹരി വിരുദ്ധ പാർലമെന്റ് 'ഉണർവ് 2020' ന്റെ ഉദ്ഘാടനം സ്പീക്കർ എ.എൻ ഷംസീർ നിർവഹിച്ചു. 'അക്ഷരമാണ് ലഹരി, വായനയാണ് ലഹരി' എന്ന സന്ദേശത്തോടെയാണ് ഉണർവ് പദ്ധതി രൂപീകരിച്ചിരിക്കുന്നത്. സമൂഹത്തിൽ വ്യാപകമാകുന്ന ലഹരി ഉപയോഗത്തിനെതിരായ പോരാട്ടം ശക്തിപ്പെടുത്തണമെന്നും ഇതിന് വിദ്യാർത്ഥികളുടെയും രക്ഷകർത്താക്കളുടെയും പിന്തുണ അത്യാവശ്യമാണെന്നും സ്പീക്കർ പറഞ്ഞു.
വിദ്യാർത്ഥികളുടെ ഹാജർ നില, പഠന നിലവാരം, കഴിവുകൾ, പരിമിതികൾ, പ്രോഗ്രസ് റിപ്പോർട്ട് എന്നിവ രക്ഷിതാക്കളെ തത്സമയം അറിയിക്കാൻ സംവിധാനമുള്ള 'ഇൻസൈറ്റ് സ്റ്റുഡന്റ് കെയർ ആപ്ലിക്കേഷൻ' ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. കേരളാ സ്റ്റാർട്ട് അപ്പ് മിഷന്റെ കീഴിലുള്ള എൽ2 ലാബ്സിന്റെ സഹായത്തോടെയാണ് ആപ്പ് നിർമ്മിച്ചിരിക്കുന്നത്. പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. കെ.ബെൻ ഡാർവിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും കൂട്ടിയോജിപ്പിച്ചുള്ള സമഗ്ര വിദ്യാഭ്യാസ സൗഹൃദ പദ്ധതിയാണിത്. വിദ്യാലയങ്ങളുടെയും വിദ്യാർത്ഥികളുടെയും പുരോഗതിയിൽ ജനപ്രതിനിധികൾക്കും അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും നേരിട്ട് ഇടപെടാൻ കഴിയും വിധം ഒരു 'സ്മാർട്ട് പി.റ്റി.എ' പോലെയാണ് ആപ്പിന്റെ പ്രവർത്തനം. ആപ്പിന്റെ സഹായത്തോടെ വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷകർത്താക്കളും അടങ്ങിയ ശൃംഖല രൂപപ്പെടുത്തുക, വിദ്യാർത്ഥികളുടെ വിവരങ്ങൾ ഞൊടിയിടയിൽ രക്ഷകർത്താവിലേക്ക് എത്തിക്കുക തുടങ്ങി ഒട്ടനവധി ഉപപദ്ധതികൾ കൂടി ഉൾകൊള്ളുന്നതാണ് ഇൻസൈറ്റ് ആപ്പ്.



