തിരുവനന്തപുരം: മുതലപ്പൊഴിയിലെ പ്രശ്നപരിഹാരത്തിന് അദാനി ഗ്രൂപ്പുമായുള്ള മന്ത്രിതല ഉപസമിതിയുടെ ചർച്ച നിർണ്ണായകമാകും. മന്ത്രിമാരായ സജി ചെറിയാൻ, വി.ശിവൻകുട്ടി, ആന്റണി രാജു, ജി.ആർ.അനിൽ, അഹമ്മദ് ദേവർകോവിൽ എന്നിവരാണ് ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്. സർക്കാർ നിർദ്ദേശം അദാനി ഗ്രൂപ്പ് അംഗീകരിക്കുമെന്നാണ് സൂചന.

വിഴിഞ്ഞം പോർട്ട് ഡയറക്ടറും അദാനി ഗ്രൂപ്പ് ടെക്നിക്കൽ സ്റ്റാഫും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. പൊഴിയുടെ ആഴം കൂട്ടുന്നതും മണ്ണ് നീക്കം ചെയ്യുന്നതുമായ കാര്യങ്ങളിൽ അടിയന്തരമായി സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് ചർച്ച നടക്കും. വിഴിഞ്ഞം തുറമുഖ നിർമ്മാണഘട്ടത്തിൽ മുതലപ്പൊഴി വഴി പാറക്കല്ലുകൾ എത്തിക്കുന്നതിന് അദാനി ഗ്രൂപ്പിന് അനുമതി നൽകിയിരുന്നു. എന്നാൽ മുതലപ്പൊഴിയിൽ അടിയുന്ന മണ്ണ് നീക്കം ചെയ്യണമെന്നും നിർദ്ദേശം നൽകിയിരുന്നു.

എന്നാൽ കാലവർഷം എത്തുന്നതിന് മുമ്പ് മണ്ണ് നീക്കം ചെയ്യാത്തതാണ് തുടർച്ചയായി അപകടങ്ങൾക്ക് കാരണമാകുന്നതെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആരോപണം. ഈ സാഹചര്യത്തിലാണ് സർക്കാർ അദാനി ഗ്രൂപ്പുമായി ചർച്ച നടത്തുന്നത്.