തിരുവനന്തപുരം: വ്യക്തികളിൽ, പ്രധാനമായും കുട്ടികളിൽ സമ്പാദ്യശീലം വളർത്തിയെടുക്കുന്നത് ഏറെ പ്രാധാന്യമർഹിക്കുന്ന കാര്യമാണെന്ന് ആരോഗ്യ, വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഇലവുംതിട്ട മൂലൂർ സ്മാരക സമിതി എസ്എൻഡിപി ഹാളിൽ മെഴുവേലി സർവീസ് സഹകരണ ബാങ്കിന്റെ ലഘുസമ്പാദ്യ പദ്ധതിയുടെയും എടിഎം കാർഡിന്റെയും ഉദ്ഘാടനവും 10, 12 ക്ലാസുകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ജില്ലാ സഹകരണ ബാങ്കുകളെ സമന്വയിപ്പിച്ച് കേരളാ ബാങ്ക് ഉൾപ്പടെയുള്ള ലക്ഷ്യങ്ങൾ പ്രാവർത്തികമാക്കി സംസ്ഥാനം സഹകരണ മേഖലയിൽ മുന്നേറുകയാണ്. ഈ ഘട്ടത്തിൽ ഡിജിറ്റലൈസേഷൻ എന്ന പ്രധാനമായ പടവ് പിന്നിടുകയാണ് മെഴുവേലി സർവീസ് സഹകരണ ബാങ്കെന്നും മന്ത്രി പറഞ്ഞു. ശിവദ്, ശരത്ത് എന്നീ കുട്ടികൾക്ക് വഞ്ചിക നൽകി ലഘുസമ്പാദ്യ പദ്ധതിയും മൂലൂർ സ്മാരക സമിതി സെക്രട്ടറി ഡി. പ്രസാദിന് നൽകി എടിഎം കാർഡിന്റെയും ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ എല്ലാ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കിയ സഹകാരികളുടെ മക്കൾക്ക് അവാർഡ് നൽകി മന്ത്രി ആദരിച്ചു.

ബാങ്ക് പ്രസിഡന്റ് റ്റി.കെ. ജനാർദ്ദനൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ എംഎൽഎ കെ.സി. രാജഗോപാലൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധർ, ബാങ്ക് ഡയറക്ടർ ബോർഡ് അംഗം രാജു സഖറിയ, സഹകരണ സംഘം ഡെപ്യൂട്ടി രജിസ്ട്രാർ വി.ജി. അജയകുമാർ, അസിസ്റ്റന്റ് രജിസ്ട്രാർ ഡി. ശ്യാംകുമാർ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.വി. സ്റ്റാലിൻ, വാർഡ് അംഗം വി. വിനോദ്, ബാങ്ക് സെക്രട്ടറി ബിജി പുഷ്പൻ, ബോർഡ് അംഗങ്ങൾ, ബാങ്ക് ജീവനക്കാർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.