കണ്ണൂർ: കണ്ണൂരിൽ കെപിസിസി ആഹ്വാനം ചെയ്ത പൊലിസ് സ്റ്റേഷൻ മാർച്ചിനിടെ മുഖ്യമന്ത്രിക്കെതിരെ വിവാദ പ്രസംഗവുമായി കെപിസിസി നേതാവ്. കെപിസിസി അംഗവും കണ്ണൂർ ജില്ലയിലെ പ്രമുഖനേതാവുമായിരുന്ന ചന്ദ്രൻ തില്ലങ്കേരിയാണ് പാർട്ടി നടത്തിയ ചക്കരക്കൽ പൊലിസ് സ്റ്റേഷൻ മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ടു അതിരൂക്ഷമായ വിമർശനം മുഖ്യമന്ത്രിക്കെതിരെ അഴിച്ചുവിട്ടത്.

കേരളത്തിലെ അഴിമതിക്കാരുടെ നേതാവായി മുഖ്യമന്ത്രി മാറിയിരിക്കുകയാണെന്നുംമുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രോമത്തിന് പോലും വിലയില്ലാത്ത മുഖ്യമന്ത്രി പിണറായി വിജയൻ ഉമ്മൻ ചാണ്ടി മരണമടഞ്ഞപ്പോൾ കണ്ട ജനപ്രീതികൊണ്ടു ടോക്കൺ വെച്ചു മണ്ഡലത്തിലെ ജനങ്ങളുടെ പരാതി കേൾക്കുകയാണെന്നും ചന്ദ്രൻ തില്ലങ്കേരി പറഞ്ഞു. ഉമ്മൻ ചാണ്ടിയുണ്ടാക്കിയ മാറ്റമാണ് മുഖ്യമന്ത്രിയിൽ നാം കണ്ടത്. എന്നാൽ കാക്കകുളിച്ചാൽ കൊക്കാവില്ലെന്നു ഓർക്കണമെന്ന് കോൺഗ്രസ് നേതാവ് പറഞ്ഞു.

ഉമ്മൻ ചാണ്ടിയെ പോലെയല്ല കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ സർവനാശത്തിലെത്തിച്ച നേതാവാണ് അദ്ദേഹം. കോവിഡ് കാലത്തു പോലും ജനങ്ങളെ മാസ്‌കിന്റെയും പി.പി. ഇ കിറ്റിന്റെയും പേരിൽ ജനങ്ങളെ കൊള്ളയടിക്കുകയാണ് ചെയ്തത്. ആരോഗ്യരംഗത്തെ മാതൃകയെന്നു വിശേഷിപ്പിക്കുന്ന ടീച്ചറമ്മയും അതിന് കൂട്ടുനിന്നു. പ്രതിപക്ഷം കോവിഡ്കാലത്തെ പർച്ചേസിങ് നടത്തിയതിന്റെ കണക്കുകൾ ചോദിച്ചപ്പോൾ മുഖ്യമന്ത്രിക്കും സർക്കാരിനും മറുപടിയുണ്ടായില്ല. ഇത്തരത്തിലൊരാളാണ് കെപിസിസി അധ്യക്ഷൻ കെ.സുധാകരനെയും വി.ഡി സതീശനെയും കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നത്.

സുധാകരനെ ശരിക്കറിയാൻ കഴിയാത്തതിനാലാണ് പിണറായി വിജയൻ ഇങ്ങനെ ചെയ്യുന്നത്. മോൻസൺ കേസെല്ലാം വെറും തമാശയായിട്ടാണ്സുധാകരനെടുക്കുന്നത്. പിണറായി ഭരണകാലത്തു തന്നെയാണ് മികച്ച വ്യവസായ സംരംഭകനായി ആദരിച്ചതെന്നു ഓർക്കണമെന്നും ചന്ദ്രൻ തില്ലങ്കേരി പറഞ്ഞു. ചക്കരക്കൽ ടൗണിൽ നിന്നും നൂറുകണക്കിനാളുകൾ പങ്കെടുത്തു പ്രതിഷേധ മാർച്ച് ചക്കരക്കൽ പൊലിസ് സ്റ്റേഷനു മുൻപിൽ വെച്ചു സി. ഐ ശ്രീജിത്ത് കോടേരി, എസ്. ഐ പവനൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധധർണയിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.ഒ. സുരേന്ദ്രൻ അധ്യക്ഷനായി .എം. കെ.മോഹനൻ, കെ.പി. ജയാനന്തൻ, കെ.കെ.ജയരാജൻ, കെ.കെ പ്രശാന്തൻ എന്നിവർ സംസാരിച്ചു.

കെ.വി. അനീശൻ, കെ.സി. അബ്ദുൾ റഹ്‌മാൻ , കെ.പി.സുധീർ കുമാർ ,ടി.എച്ച്. രാധാകൃഷ്ണൻ ,ഷമേജ് പെരളശേരി, എം. സുധാകരൻ, ടി.സുരേശൻ, എൻ.പി.കരുണൻ , കെ.രാഘവൻ എന്നിവർ നേതൃത്വം നൽകി.