- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനകീയാസൂത്രണം അധികാരത്തെയും ആസൂത്രണത്തെയും വികേന്ദ്രീകരിച്ചു
കണ്ണൂർ: ജനകീയാസൂത്രണം അധികാരത്തെയും ആസൂത്രണത്തെയും വികേന്ദ്രീകരിച്ചതായി തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ രജതജൂബിലി സ്മാരകമായി ഏഴോം ഗ്രാമ പഞ്ചായത്ത് 2022- 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച പഞ്ചായത്ത് സ്‌ക്വയർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ജനകീയാസൂത്രണം കേരളത്തിലെ പ്രാദേശിക വികസനത്തിന്റെ മുഖച്ഛായ മാറ്റിയതായി മന്ത്രി പറഞ്ഞു. എല്ലാവർക്കും ഒത്തുചേരാവുന്ന പാർക്കുകൾ പോലുള്ള പൊതു ഇടങ്ങൾ നഗരങ്ങളിൽ മാത്രം പോരാ ഗ്രാമങ്ങളിലും വേണമെന്ന് മന്ത്രി പറഞ്ഞു. നാട്ടിൻപുറങ്ങളിൽ ഓപ്പൺ ജിം ആരംഭിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ മുൻകൈ എടുക്കണം. മാലിന്യം തള്ളുന്നത് തടയാൻ ജില്ലയിൽ ആരംഭിച്ച സ്മാർട്ട് ഐ ക്യാമറ പദ്ധതി സംസ്ഥാനത്തുടനീളം നടപ്പിലാക്കാവുന്ന മാതൃകാ പദ്ധതിയാണെന്ന് മന്ത്രി പറഞ്ഞു. എം വിജിൻ എംഎൽഎ അധ്യക്ഷനായി.
ആദ്യ ജനകീയ സമ്പൂർണ്ണ സാക്ഷരതാഗ്രാമം എന്ന അഭിമാനനേട്ടം സ്വന്തമാക്കിയ ഏഴോം പഞ്ചായത്തിൽ നടന്ന സാക്ഷരതാപ്രർത്തനത്തിന്റെ സ്മാരകമായ അക്ഷരശില്പം മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഒ വി നാരായണൻ അനാച്ഛാദനം ചെയ്തു. പഞ്ചായത്തിനു മുന്നിലുള്ള സ്ഥലത്താണ് 14 ലക്ഷം രൂപ ചെലവിൽ പഞ്ചായത്ത് സ്‌ക്വയർ ഒരുക്കിയത്. പഞ്ചായത്തിന്റെ പരിപാടികളുടെ വേദിയായും ഈ സ്ഥലം ഉപയോഗിക്കും. ശിൽപി ഉണ്ണികാനായി തീർത്ത അക്ഷരശിൽപമാണ് പ്രധാന ആകർഷണം. റാന്തൽ വെളിച്ചത്തിൽ വായിക്കുന്ന മുത്തശ്ശിയുടെ ശിൽപമാണ് ഒരുക്കിയത്.
മാലിന്യ മുക്ത നവകേരളത്തിന്റെ ഏഴോം പതിപ്പ് 'അഴകേറും ഏഴോം' ശുചിത്വ പദ്ധതിയുടെ ഭാഗമായ സ്മാർട്ട് ഐ സിസിടിവി ക്യാമറകൾ എം വിജിൻ എംഎൽഎ സ്വിച്ച് ഓൺ ചെയ്തു. ശുചിത്വമേഖലയിലെ പ്രവർത്തനങ്ങൾക്കുള്ള നഗരസഞ്ചയ ഫണ്ടിൽ ലഭിച്ച 25 ലക്ഷം രൂപ ചെലവിലാണ് സ്മാർട്ട് ഐ പദ്ധതി നടപ്പാക്കുന്നത്. ആളുകൾ വ്യാപകമായി മാലിന്യം തള്ളുന്ന 12 കേന്ദ്രങ്ങളിലാണ് ആദ്യഘട്ടത്തിൽ സിസിടിവി സ്ഥാപിച്ചത്. എട്ട് ഇടങ്ങളിൽക്കൂടി ക്യാമറകൾ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് പഞ്ചായത്ത്.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ മുഖ്യാതിഥിയായി. ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഗോവിന്ദൻ, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിർ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് എം ശ്രീധരൻ, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി വിമല, ജില്ലാ പഞ്ചായത്ത് അംഗം സി പി ഷിജു, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഡി എൻ പ്രമോദ്, മാടായി സഹകരണ റൂറൽ ബാങ്ക് പ്രസിഡണ്ട് പി പി ദാമോദരൻ, ഔഷധി ഡയറക്ടർ കെ പത്മനാഭൻ, ഏഴോം സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് കെ ചന്ദ്രൻ, ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമാരായ സി വി കുഞ്ഞിരാമൻ, കെ മനോഹരൻ, വി ആർ വി ഏഴോം, രാഷ്ട്രീയ കക്ഷി നേതാക്കളായ കെ പി മോഹനൻ, വി പരാഗൻ എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ എം ദിവ്യ റിപ്പോർട്ട് അവതരിപ്പിച്ചു.




