കണ്ണൂർ: ആലുവയിൽ, അഞ്ചുവയസുകാരി കൊടും ക്രൂരതയ്ക്കിരയായി കൊല്ലപ്പെട്ട സംഭവത്തെ തുടർന്ന് കണ്ണൂർ ജില്ലയിൽ ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വാടക ക്വാർട്ടേഴ്സുകളിലും മുറികളിലും വീടുകളിലും തൊഴിൽ സ്ഥലങ്ങളിലും പൊലിസ് വ്യാപക റെയ്ഡു നടത്തി. ഇവർ താമസിക്കുന്ന സ്ഥലങ്ങളിൽ നിന്നും നിരോധിത പുകയില ഉൽപന്നങ്ങളും കഞ്ചാവും പിടികൂടി.

പഴയങ്ങാടിയിൽ 300 ഗ്രാം കഞ്ചാവുമായി മൂന്ന് ഒഡിഷ സ്വദേശികൾ പിടിയിൽ. ചൂട്ടാട്, പുതിയങ്ങാടി, പുതിയവളപ്പ് തുടങ്ങിയ സ്ഥലങ്ങളിൽ പഴയങ്ങാടി പൊലീസ് നടത്തിയ തിരച്ചിലിലാണ് ഇതര സംസ്ഥാന തൊഴിലാളികലായ ഇവർ പിടിയിലായത്. പുതിയങ്ങാടി പുതിയവളപ്പ് വാടക കോട്ടേഴ്‌സിൽ താമസിച്ചു വരികയായിരുന്ന ഒഡിസ സ്വദേശികളായ ദുശ്ശാസൻ ബഹ്‌റ (46), സാമ്പ്ര ബഹ്‌റ (30), നിരഞ്ചൻ നായിക്ക് (25) എന്നിവരെയാണ് പഴയങ്ങാടി എസ്‌ഐ രൂപ മധുസൂധനന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

ഇതരസംസ്ഥാന തൊഴിലാളികൾ തിങ്ങി പാർക്കുന്ന പുതിയങ്ങാടിയിലും സമീപ പ്രദേശങ്ങളിലുമുള്ള കോട്ടേഴ്‌സുകളിലും പരിസര പ്രദേശങ്ങളിൻ ലഹരി ഉപയോഗവും വിൽപ്പനയും സജീവമാണെന്ന പരാതിയിലാണ് പൊലീസ് പരിശോധന നടത്തിയത്. ഇവർക്കെതിരെ എൻഡിപിഎസ് ആക്റ്റ് പ്രകാരം കേസെടുത്തു. ആലുവയിൽ അഞ്ചുവയസുകാരിയെ ഇതരസംസ്ഥാന തൊഴിലാളി അഞ്ചുവയസുകാരിയെ കൊന്ന സംഭവത്തിനെ തുടർന്ന് പൊലിസ് സംസ്ഥാന വ്യാപകമായി നടത്തിവരുന്ന റെയ്ഡിന്റെ ഭാഗമായി കണ്ണൂർ ജില്ലയുടെ മറ്റിടങ്ങളിലും പൊലിസ് റെയ്ഡു നടത്തിവരികയാണ്. പൊലിസിനൊപ്പം എക്സൈസും റെയ്ഡിൽ പങ്കെടുക്കുന്നുണ്ട്. ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിൽ നിന്നുംവൻതോതിൽ നിരോധിതപുകയില ഉൽപന്നങ്ങൾ പിടികൂടിയിട്ടുണ്ട്.

ഇതിനിടെയിൽ പലസ്ഥലങ്ങളിൽ നിന്നും ഇതരസംസ്ഥാന തൊഴിലാളികളെകാണാതായിട്ടുണ്ട്.യഥാർത്ഥ പേരും വിലാസവും തൊഴിൽ ഉടമകൾക്കു കൈമാറാത്തവരാണ് കണ്ണൂർ ജില്ലയിൽ നിന്നും മുങ്ങിയത്. കണ്ണൂരിലെമലയോരപ്രദേശങ്ങളിലെ ക്വാറികളിലും ചെറുകിട സ്ഥാപനങ്ങളിലും കൂടുതൽ ജോലി ചെയ്യുന്നത് ഇതരസംസ്ഥാനതൊഴിലാളികളാണ്. ഇവരോട് റൂറൽ പൊലിസ് അതത് സ്റ്റേഷനുകളിൽ ഹാജരായി പൂർണവിവരങ്ങൾ നൽകാനും രേഖകൾ ആവശ്യപ്പെടാനും നിർദ്ദേശിച്ചിട്ടുണ്ട്. റൂറൽ എസ്‌പി ഹേമലതയുടെ നേതൃത്വത്തിലാണ് ഇതരസംസ്ഥാന തൊഴിലാളികളുടെ വിവര ശേഖരണം നടത്തുന്നത്. കണ്ണൂർ ജില്ലയിലെ തളിപറമ്പ്, പാപിനിശേരി, വളപട്ടണം, നാറാത്ത്, തലശേരി, ന്യൂമാഹി,ഇരിക്കൂർ, ശ്രീകണ്ഠാപുരം തുടങ്ങിയ സ്ഥലങ്ങളിലാണ് ഇതരസംസ്ഥാന തൊഴിലാളികൾ കൂടുതൽ താമസിക്കുന്നത്. വരും ദിനങ്ങളിൽ ഇവിടങ്ങളിൽ സംയുക്ത പരിശോധന നടത്താനാണ് പൊലിസിന്റെയും എക്സൈസിന്റെയും തീരുമാനം.