മാന്നാർ: ബൈക്കിൽ കറങ്ങി നടന്ന് സ്‌കൂൾ വിദ്യാർത്ഥിനികളെ ശല്യം ചെയ്‌തെന്ന പരാതിയിൽ യുവാവ് പിടിയിൽ. ചെന്നിത്തല തൃപ്പെരുംന്തുറ, പടിഞ്ഞാറ്റുംമുറി തെങ്ങുംതോപ്പിൽ ടോണി എസ്. മാത്യുവിനെ (25) ആണ് മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്.

ചെന്നിത്തലയിലെ ട്യൂഷൻ സെന്ററിൽ നിന്ന് സ്‌കൂളിലേക്ക് പോകുന്ന വിദ്യാർത്ഥിനികളെ ബൈക്കിലെത്തിയ പ്രതി കണ്ണ് കൊണ്ടും കൈ കൊണ്ടും ആംഗ്യം കാണിച്ച് ശല്യം ചെയ്യുകയായിരുന്നു. ഇതേതുടർന്ന്, സൈക്കിൾ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ച വിദ്യാർത്ഥിനികളെ പ്രതി പിന്നാലെ ചെന്ന് ഭയപ്പെടുത്തി.

ഈ സമയം പ്രതി വന്ന ബൈക്കിന്റെ നമ്പർ കുട്ടികളെഴുതി എടുത്തു. തുടർന്ന് മാതാപിതാക്കൾ ബൈക്കിന്റെ നമ്പർ ഉൾപ്പെടെ മാന്നാർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

പൊലീസ് ഇൻസ്പെക്ടർ ജോസ് മാത്യുവിന്റെ നേതൃത്വത്തിൽ എസ്‌ഐ സി.എസ്. അഭിരാം, ഗ്രേഡ് എസ്‌ഐ വിജയകുമാർ, എഎസ്ഐ മധുസൂദനൻ, സിവിൽ പൊലീസ് ഓഫിസർമാരായ സാജിദ്, അൻസാർ, നിസാം എന്നിവരടങ്ങുന്ന സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.