- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാടാച്ചിറ സഹകരണബാങ്കിലെ നിക്ഷേപ തട്ടിപ്പ്; അറസ്റ്റു ഒഴിവാക്കാൻ ഭാരവാഹികൾ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യഹർജി സമർപ്പിച്ചു; ആധ്യാത്മിക പ്രഭാഷകൻ റിമാൻഡിൽ തുടരുന്നു
കണ്ണൂർ: കാടാച്ചിറ സർവീസ് സഹകരണ ബാങ്കിന്റെ പനോന്നേരി ശാഖയിൽ ഒരു കോടിയിലേറെ രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് കുറ്റാരോപിതരായ ബാങ്ക് പ്രസിഡന്റ്, സെക്രട്ടറി എന്നിവർ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയിൽ ഹരജി നൽകി. ഇതിൽ ഓഗസ്റ്റു രണ്ടുവരെ താൽക്കാലികമായി അറസ്റ്റു ചെയ്യരുതെന്ന താൽക്കാലിക ഉത്തരവ് നിലവിലെ സെക്രട്ടറിക്ക് ലഭിച്ചിട്ടുണ്ട്.
കേസിലെ മുഖ്യപ്രതിയും മുൻസെക്രട്ടറിയുമായിരുന്ന പ്രവീൺ പനോന്നേരി ഇപ്പോഴും ജുഡീഷ്യൽ കസ്റ്റഡിയിലാണ്. കഴിഞ്ഞയാഴ്ച പ്രവീൺ പനോന്നേരിയെ തലശേരി എസിജെഎം കോടതി വഴി എടക്കാട് എസഎച്ച്ഒ സുരേന്ദ്രൻ കല്യാടൻ മൂന്നു ദിവസം കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തിരുന്നു.
പ്രവീണിന്റെ വീട്ടിൽനിന്നും നിരവധി പേരുടെ സ്ഥിരനിക്ഷേപത്തിന്റെ രസീറ്റ്, സ്വർണ പണയ വായ്പ അടക്കം ബാങ്കിലെ വിവിധ രേഖകൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ബാങ്ക് ഭരണ സമിതിയിലെ ചിലരേയും എടക്കാട് ഇൻസ്പെക്ടർ ചോദ്യം ചെയ്തിട്ടുണ്ട്. ചില ബാങ്ക് ഉദ്യോഗസ്ഥരുടെ മൊഴിയും പൊലീസ് ശേഖരിച്ചിട്ടുണ്ട്. വർഷങ്ങളായി തുടർന്ന തട്ടിപ്പിനെക്കുറിച്ച് ബാങ്ക് ഭരണ സമിതിയിൽ ഉള്ളവർക്കോ, ബാങ്കിലെ മറ്റ് ഉദ്യോഗസ്ഥർക്കോ അറിയില്ലെന്ന മൊഴി പൊലിസ് വിശ്വാസത്തിലെടുത്തിട്ടില്ല. കേസന്വേഷണം പുരോഗമിക്കവെ കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് പൊലിസ് നൽകുന്ന സൂചന.
ബാങ്കിന്റെ തലപ്പത്തുള്ള മറ്റുപ്രതിസ്ഥാനത്ത് വരുമെന്ന സൂചനയാണ് ഇതിനകം ലഭിക്കുന്നത്. ബാങ്കിലെ ചിലരുടെ സാഹയവും മൗനാനുവാദവും പ്രവീൺ പനോന്നേരിക്ക് ലഭിച്ചുവെന്ന നിഗമനത്തിലാണ് പൊലീസ്. പ്രവീൺ പനോന്നേരി സെക്രട്ടറിയായിരുന്ന കാലത്ത് 53 സ്വർണ പണയ ഇടപാടുകളിൽ കൃത്രിമം നടത്തിയതായി കണ്ടെത്തിയെങ്കിലും ഇയാൾക്കെതിരേ ഒരു നടപടിയും സ്വീകരിക്കാൻ ബാങ്ക് ഭരണ സമിതി തയാറായിരുന്നില്ല. പിന്നീട് സ്വർണം പണയം വച്ചവർക്ക് പണം നൽകി പ്രവീൺ പരാതി ഒതുക്കി തീർക്കുകയായിരുന്നു. എന്നിട്ടും 2022 ജൂലൈ 14 ന് മാത്രമാണ് പ്രവീണിനെ സെക്രട്ടറി സ്ഥാനത്തു നിന്നും തരംതാഴ്‌ത്തിയത്.
ഇതിനിടെ രണ്ടാഴ്ച കഴിഞ്ഞിട്ടും പ്രവീൺ പനോന്നേരിക്ക് കോടതി ജാമ്യം അനുവദിച്ചിട്ടില്ല. കേസിന്റെ ഗൗരവം കണക്കിലെടുത്താണ് ജാമ്യം കോടതി നിഷേധിച്ചതെന്നാണ് നിയമ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. ആരേയും വശത്താക്കാനുള്ള വാക്ചാതുരിയും ഭക്തിയുടെ മറവിലുള്ള മുതലെ ടുപ്പും പ്രവീൺ തട്ടിപ്പിനായി ഉപയോഗിച്ചുവെന്നാണ് തെളിയുന്നത്. പ്രവീൺ പറയുന്നത് വിശ്വസിച്ച താണ് പല ഇടപാടുകാർക്കും തിരിച്ചടിയായത്. പ്രമുഖ ജ്യോത്സ്യനും ക്ഷേത്രങ്ങളിൽ സപ്താഹയജ്ഞം നടത്തുന്നയാളുമാണ് പ്രവീൺ പനോന്നേരി.കോൺഗ്രസ് നിയന്ത്രിത സഹകരണബാങ്കാണ് കാടാച്ചിറയിലേത്.
ക്രമക്കേടു പുറത്തായപ്പോൾ സി.പി. എം നേതൃത്വത്തിൽ ഇവിടെ പ്രതിഷേധ ധർണ നടത്തിയിരുന്നു. കോൺഗ്രസ് പ്രാദേശിക നേതാക്കളാണ് കേസിൽ കുടുങ്ങിയവരൊക്കെ. പാർട്ടി നിയന്ത്രിക്കുന്ന സഹകരണ സ്ഥാപനത്തിൽ വൻവെട്ടിപ്പു നടന്നത് ജി്ല്ലയിലെ കോൺഗ്രസിന് ക്ഷീണം ചെയ്തിട്ടുണ്ട്. എന്നാൽ പാർട്ടിക്ക് ഇതിൽ യാതൊരു പങ്കില്ലെന്ന നിലപാടിലാണ് ഡി.സി.സി നേതൃത്വം.




