ഷൊർണൂർ: ഉറങ്ങിപ്പോയ യാത്രക്കാരന്റെ പോക്കറ്റിൽ നിന്നും ഫോൺ മോഷ്ടിച്ച ശേഷം പ്രതിയും ഉറങ്ങി. ഇതോടെ പൊലീസിന് കാര്യങ്ങൾ എളുപ്പമാകുകയും ചെയ്തു. ഉറങ്ങിക്കിടന്ന യാത്രക്കാരന്റെ മൊബൈൽഫോൺ കവർന്നെന്നാണ് ഷോർണൂർ പൊലീസിന് ലഭിച്ച പരാതി. പ്രതിയെ തപ്പി ഇറങ്ങിയ പൊലീസിന് മുമ്പിലിരിന്ന് ഫോൺ മോഷ്ടിച്ചയാളും ഉറങ്ങിയതോടെ കാര്യങ്ങൾ എളുപ്പമായി.

ചൊവ്വാഴ്ച രാവിലെ ഷൊർണൂർ റെയിൽവേ സ്റ്റേഷനിലെ ഏഴാംനമ്പർ പ്ലാറ്റ്‌ഫോമിലാണ് സംഭവം. ഗോവ സ്വദേശിയായ ഓംപ്രകാശ് പ്രഭാതിന്റെ ഒന്നേകാൽ ലക്ഷം രൂപ വിലവരുന്ന മൊബൈൽഫോണാണ് മോഷണം പോയത്. സംഭവത്തിൽ കോഴിക്കോട് ചേവായൂർ കൊടുവാട്ടുപറമ്പിൽ പ്രജീഷിനെയാണ് (43) പൊലീസ് അറസ്റ്റുചെയ്തത്.

ഓംപ്രകാശ് പ്രഭാത് കുടുംബത്തോടൊപ്പം ബെംഗളൂരുവിലേക്ക് പോകാനായി മറ്റൊരു തീവണ്ടിയിൽ പുലർച്ചെ ഷൊർണൂരിൽ ത്തിയതായിരുന്നു. സ്റ്റേഷനിലെത്തിയപ്പോൾ ഓംപ്രകാശ് പ്രഭാത് ആറാം നമ്പർ പ്ലാറ്റ്ഫോമിലെ കാത്തിരിപ്പുബെഞ്ചിലിരുന്നുറങ്ങി. ഈ സമയത്ത് പ്രജീഷ് പോക്കറ്റിൽ നിന്ന് മൊബൈൽഫോൺ കവരുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

മൊബൈൽഫോൺ കവർന്ന് ബാഗിൽ സൂക്ഷിച്ചശേഷം പ്രതിയും ഏഴാംനമ്പർ പ്ലാറ്റ്ഫോമിലെ കാത്തിരിപ്പുബെഞ്ചിലിരുന്ന് ഉറങ്ങി. മൊബൈൽ നഷ്ടപ്പെട്ട വിവരം പൊലീസിൽ അറിയിച്ച ഉടൻ പൊലീസ് പ്ലാറ്റഫോമുകളിൽ പരിശോധനനടത്തി. പ്ലാറ്റ്‌ഫോമിൽ ഉറങ്ങുകയായിരുന്ന പ്രജീഷിന്റെ ബാഗിൽനിന്ന് ലഭിച്ച ഫോൺ പരിശോധിച്ചതോടെയാണ് പിടിയിലാകുന്നത്.

പ്രജീഷിന്റെ ഭാര്യവീട് പട്ടാമ്പി കൊപ്പത്താണെന്നും അവിടേക്കുള്ള യാത്രക്കിടെ ഷൊർണൂരിൽ ഇറങ്ങിയാണ് മൊബൈൽ ഫോൺ മോഷ്ടിച്ചതെന്നും എസ്‌ഐ. അനിൽ മാത്യു പറഞ്ഞു. ചൊവ്വാഴ്ച രാവിലെ പത്തോടെയാണ് പ്രജീഷിനെ അറസ്റ്റുചെയ്തത്. പ്രജീഷിനെ കോടതി റിമാൻഡുചെയ്തു.