കണ്ണൂർ: കണ്ണൂർ കോർപറേഷൻ പരിധിയിലെ കക്കാട് കുഞ്ഞിപ്പള്ളിയിൽ പതിനഞ്ചുവയസുകാരിയെ കാറിൽ തട്ടിക്കൊണ്ടു പോകാൻ ശ്രമം. കാറിൽ എത്തിയ നാലംഗ സംഘമാണ് ബുധനാഴ്‌ച്ച രാവിലെ ഒൻപതേ പത്തിന് സ്‌കൂളിലേക്ക് പോകുന്ന കുട്ടിയെ ഇടവഴിയിൽ വെച്ച് കാറിൽ പിടിച്ചു കയറ്റാൻ ശ്രമിച്ചത്. ഇതിനിടെ ഇവരിൽ നിന്നും കുട്ടി കുതറി ഓടി രക്ഷപ്പെടുകയായിരുന്നു.

വീട്ടിൽ തിരിച്ചെത്തി രക്ഷിതാക്കളെ വിവരമറിയിച്ചതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും പ്രദേശത്ത് തെരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. വിവരമറിഞ്ഞെത്തിയ പൊലിസ് സി.സി.ടി.വി ക്യാമറകൾ പരിശോധിച്ചുവരികയാണ്. കെ. എൽ 14 രജിസ്ട്രേഷനുള്ള മാരുതി ഓമ്നിയിലെത്തിയ സംഘമാണ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിലെ ദുരൂഹത നീക്കാൻ പൊലിസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

പെൺകുട്ടിയിൽ നിന്നും ബന്ധുക്കളിൽ നിന്നും പൊലിസ് മൊഴിയെടുത്തിട്ടുണ്ട്. കുഞ്ഞിപ്പള്ളി ടൗണിലും പരിസരത്തും സി.സി.ടി.വി ക്യാമറകളുണ്ട്. പൊതുവെ രാവിലെ നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. കുഞ്ഞിപ്പള്ളിബസാറിലും നല്ലതിരക്ക് അനുഭവപ്പെടാറുണ്ട്. ഈ സാഹചര്യത്തിൽ ശാസ്ത്രീയമായ അന്വേഷണത്തിലൂടെ പ്രതികളെ കണ്ടെത്താൻ കഴിയുമെന്ന വിശ്വാസത്തിലാണ് പൊലിസ്.