- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
69.92 ലക്ഷം ഗ്രാമീണ വീടുകളിൽ 35.42 ലക്ഷത്തിലധികം വീടുകൾക്ക് ടാപ്പ് വഴി കുടിവെള്ളം; ഗ്രാമീണ വീടുകളിൽ പകുതിയിലും കുടിവെള്ളമെത്തി; ചരിത്ര നേട്ടവുമായി കേന്ദ്ര-സംസ്ഥാന പദ്ധതി ജലജീവൻ മിഷൻ
തിരുവനന്തപുരം: 50 ശതമാനം ഗ്രാമീണവീട്ടിലും കുടിവെള്ള കണക്ഷനെന്ന നേട്ടം കേരളത്തിന് സ്വന്തം. ജലജീവൻ മിഷൻ പദ്ധതിയുടെ ഇടപെടലാണ് ഇതിന് കാരണം. ആകെയുള്ള 69.92 ലക്ഷം ഗ്രാമീണ വീടുകളിൽ 35.42 ലക്ഷത്തിലധികം വീടുകൾക്ക് ടാപ്പ് വഴിയാണ് കുടിവെള്ളം എത്തിച്ചത്.100 വില്ലേജും 78 പഞ്ചായത്തും നൂറുശതമാനം കുടിവെള്ള ലഭ്യത കൈവരിച്ച് 'ഹർ ഘർ ജൽ' പദവിയും നേടി.
2024ൽ മുഴുവൻ വീട്ടിലും കുടിവെള്ളമെത്തിക്കുകയാണ് ലക്ഷ്യം. വാട്ടർ അഥോറിറ്റി, ജലനിധി, ഭൂജലവകുപ്പ് എന്നിവയാണ് നിർവഹണ ഏജൻസികൾ. കേന്ദ്ര മാർഗനിർദേശമനുസരിച്ച് ഒരാൾക്ക് പ്രതിദിനം 55 ലിറ്റർ വെള്ളമാണ് നൽകേണ്ടത്. എന്നാൽ, സംസ്ഥാനത്ത് 100 ലിറ്ററാണ് കണക്കാക്കിയിരിക്കുന്നത്. 53.34 ലക്ഷം കുടിവെള്ള കണക്ഷനായി 40,203.61 കോടി രൂപയുടെ പദ്ധതിക്കാണ് അനുമതി ലഭ്യമായത്. ഇതുവരെ 7737.08 കോടി രൂപ ചെലവഴിച്ചു. 50:50 എന്ന അനുപാതത്തിലാണ് കേന്ദ്ര-സംസ്ഥാന വിഹിതം.
5000 കുടുംബശ്രീ അംഗങ്ങൾക്ക് ഫീൽഡ് പരിശോധനാ കിറ്റ് ഉപയോഗിച്ച് ജലഗുണനിലവാരം പരിശോധിക്കുന്നതിനുള്ള പരിശീലനവും നൽകി.വെല്ലുവിളികൾ ഏറ്റെടുത്ത് 50 ശതമാനം കുടിവെള്ള കണക്ഷൻ പൂർത്തിയാക്കിയ നിർവഹണ ഏജൻസികളുടെയും ഉദ്യോഗസ്ഥരുടെയും കഠിനാധ്വാനത്തെ മന്ത്രി റോഷി അഗസ്റ്റിൻ അഭിനന്ദിച്ചു.



