ഭോപ്പാൽ: ദക്ഷിണാഫ്രിക്കയിൽ നിന്ന് മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെത്തിച്ച ചീറ്റകളിൽ ഒരെണ്ണം കൂടി ചത്തു. ധാത്രി എന്ന പെൺചീറ്റയേയാണ് ബുധനാഴ്ച രാവിലെ ചത്ത നിലയിൽ കണ്ടെത്തിയത്. ഇതോടെ കഴിഞ്ഞ അഞ്ചു മാസത്തിനുള്ളിൽ കുനോയിൽ ചത്ത ചീറ്റകൾ ഒമ്പതെണ്ണമായി. പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് അധികൃതർ വ്യക്തമാക്കി.

തുടർച്ചയായി ചീറ്റകൾ ചാവുന്നത് അഭിമാന പദ്ധതിയായ പ്രൊജക്ട് ചീറ്റയുടെ പരാജയമാണെന്ന് സുപ്രീം കോടതിയും നിരീക്ഷിച്ചിരുന്നു. ഒരു വർഷത്തിനുള്ളിൽ 40 ശതമാനം ചീറ്റകളും ചത്തത് ഗുരുതര വീഴ്ചയാണെന്നും ചീറ്റകളുടെ സംരക്ഷണത്തിനായി എത്രയും പെട്ടെന്ന് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് സുപ്രീം കോടതി കേന്ദ്രത്തോട് നിർദ്ദേശിക്കുകയും ചെയ്തിരുന്നു. അതിനു പിന്നാലെയാണ് ഒരു ചീറ്റ കൂടി ചത്തത്.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ 20 ചീറ്റകളേയാണ് ദക്ഷിണാഫ്രിക്കയിലെ നമീബിയയിൽ നിന്ന് മധ്യപ്രദേശിലെത്തിച്ചത്. ഇതിൽ മൂന്നു കുഞ്ഞുങ്ങളുൾപ്പടെ ഒമ്പതെണ്ണം ചത്തു. രാജ്യത്ത് 70 വർഷം മുമ്പ് വംശനാശം സംഭവിച്ച ചീറ്റകളെ വീണ്ടും പുനരുജ്ജീവിപ്പിക്കാനുള്ള ഇന്ത്യയുടെ അഭിമാന പദ്ധതിയായിരുന്നു പ്രൊജക്ട് ചീറ്റ.