തൃശ്ശൂർ: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ അക്രമിയുടെ കുത്തേറ്റുമരിച്ച ഡോ. വന്ദന ദാസിന് മരണാനന്തര ബഹുമതിയായി എംബിബിഎസ് ബിരുദം സമ്മാനിച്ച് ആരോഗ്യ സർവകലാശാല. തൃശ്ശൂരിൽ നടന്ന ചടങ്ങിൽ വന്ദനയുടെ അച്ഛൻ കെ.ജി മോഹൻദാസും അമ്മ വസന്തകുമാരിയും ചേർന്ന് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.

ചാൻസലർകൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കയ്യിൽ നിന്നുമാണ് ബിരുദ സർട്ടിഫിക്കറ്റ് മാതാപിതാക്കൾ ഏറ്റുവാങ്ങിയത്. വികാരനിർഭരമായിരുന്ന ചടങ്ങ്. ബിരുദ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങവേ പൊട്ടിക്കരഞ്ഞ വന്ദനയുടെ അമ്മ വസന്തകുമാരിയെ ഗവർണർ ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചു. എംബിബിഎസ് പഠനത്തിനു ശേഷം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജൻസി ചെയ്യുന്നതിനിടെയാണ് വന്ദന കുത്തേറ്റു മരിച്ചത്.

മെയ്‌ 10-നാണ് കൊട്ടാരക്കര കുടവത്തൂർ പൂയപ്പള്ളി സ്വദേശി സന്ദീപിന്റെ കുത്തേറ്റ് കൊട്ടാക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജനായ ഡോ. വന്ദനാ ദാസ് (23) മരിച്ചത്. പൊലീസ് വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോഴായിരുന്നു പ്രതി ആക്രമിച്ചത്. കടുത്തുരുത്തി മുട്ടുചിറ നമ്പിച്ചിറക്കാലയിൽ കെ.ജി.മോഹൻദാസിന്റെയും വസന്തകുമാരിയുടെയും ഏകമകളായിരുന്നു ഡോ. വന്ദനാ ദാസ്

അതേസമയം വന്ദന ദാസ് കൊലക്കേസിൽ പ്രതി ജി. സന്ദീപിന് തൂക്കുകയർ ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തി ക്രൈംബ്രാഞ്ച് സംഘം കുറ്റപത്രം സമർപ്പിച്ചു. പരമാവധി തെളിവുകൾ ശേഖരിച്ച് 83 ദിവസം നീണ്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിനൊടുവിലാണ് കുറ്റപത്രം. പതിനൊന്നു വകുപ്പുകളിലുള്ള കുറ്റങ്ങളാണ് സന്ദീപിന് എതിരെയുള്ളത്.

കൊലപാതകം (302), കൊലപാതകശ്രമം (307), തെളിവു നശിപ്പിക്കൽ (201), കൊല്ലുമെന്ന് ഭീഷണിപ്പെടുത്തൽ (5062), ആയുധം ഉപയോഗിച്ചുള്ള ആക്രമണം (324), അന്യായ തടസ്സം സൃഷ്ടിക്കൽ (341), ആക്രമിച്ച് പരുക്കേൽപിക്കൽ (323), ഔദ്യോഗിക ജോലി തടസ്സപ്പെടുത്തൽ (332),(333), പൊതു സേവകരെ ആക്രമിക്കൽ (353) എന്നിവയ്ക്ക് പുറമേ മെഡിക്കൽ സർവീസ് സംരക്ഷണ നിയമത്തിലെ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. സംഭവ ദിവസം പുലർച്ചെ നാലര മുതൽ അര മണിക്കൂറോളം സന്ദീപ് ആശുപത്രിയിൽ നടത്തിയ ആക്രമണങ്ങളുടെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങളാണ് തെളിവുകളിൽ പ്രധാനമായി റിപ്പോർട്ടിലുള്ളത്.