തിരുവനന്തപുരം: ആധാരമെഴുത്ത്, പകർപ്പെഴുത്ത്, സ്റ്റാമ്പ് വെണ്ടർ ക്ഷേമനിധി അംഗങ്ങൾക്ക് 4500 രൂപ ഉത്സവബത്ത നൽകാൻ തീരുമാനിച്ചതായി ക്ഷേമനിധിബോർഡ് ചെയർമാൻ കൂടിയായി മന്ത്രി വി.എൻ. വാസവൻ. ഇന്നലെ ചേർന്ന കേരള ആധാരമെഴുത്ത്, പകർപ്പെഴുത്ത്, സ്റ്റാമ്പ് വെണ്ടർ ക്ഷേമനിധി ബോർഡ് യോഗമാണ് 500 രൂപ വർധനവരുത്തി ഓണത്തിന് ഉത്സവ ബത്ത വിതരണം ചെയ്യാൻ തീരുമാനിച്ചത്.

2018ൽ ആദ്യമായി അംഗങ്ങൾക്ക് ഉത്സവബത്ത അനുവദിച്ചത് 1000 രൂപയായിരുന്നു. കഴിഞ്ഞ മൂന്നുവർഷം കൊണ്ടാണ് 4000 രൂപയാക്കി ഉയർത്തി. ഇതിനാവശ്യമായ തുക പൂർണമായും ക്ഷേമനിധി ബോർഡിന്റെ ഫണ്ടിൽ നിന്നാണ് ചെലവഴിക്കുക.

ക്ഷേമനിധിയിലേക്കുള്ള അംശാദായം അടയ്ക്കുന്നതിൽ വീഴ്ച വരുത്തി അംഗത്വം മുടങ്ങിപ്പോയ ആളുകളുടെ അംഗത്വം പുനഃസ്ഥാപിച്ച് നൽകുന്നതിനായി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ആവിഷ്‌കരിക്കാൻ ഇന്നലെ മന്ത്രിയുടെ ചേംബറിൽ ചേർന്ന ബോർഡ് യോഗം തീരുമാനിച്ചു. അംഗത്വം മുടങ്ങിപ്പോയവരിൽ നിന്ന് കുടിശികയോടൊപ്പം നാമമാത്രമായ പിഴ ഈടാക്കിയായിരിക്കും അംഗത്വം പുനഃസ്ഥാപിക്കുക. ഇതിനാശ്യമായ നടപടികൾ സ്വീകരിക്കാൻ ക്ഷേമനിധി ബോർഡ് സെക്രട്ടറിക്ക് മന്ത്രി വി.എൻ. വാസവൻ നിർദ്ദേശം നൽകി.