തിരുവല്ല: നിരണത്ത് വീടു കേന്ദ്രീകരിച്ച് മിനി ബാർ നടത്തിയ 52കാരനെ എക്‌സൈസ് അറസ്റ്റു ചെയ്തു. നിരണം വടക്കുഭാഗം തൈപറമ്പിൽ ടി.എസ്.സജീവാണ് പിടിയിലായത്. ഇയാളിൽനിന്ന് അര ലീറ്ററിന്റെ 113 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടിച്ചെടുത്തു. പ്രതിയെ റിമാൻഡ് ചെയ്തു.

പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ വിവിധ ബെവ്‌കോ ഔട്ട്ലെറ്റുകളിൽനിന്നു പലപ്പോഴായി മദ്യം വാങ്ങി സൂക്ഷിക്കുകയായിരുന്നു രീതി. അവധി ദിവസങ്ങളിൽ ഇരട്ടി വിലയ്ക്കാണു വിറ്റിരുന്നത്. വീടിന്റെ പരിസരത്തു നിന്നാണ് 40 കുപ്പി മദ്യം ലഭിച്ചത്. തുടർന്നു നടത്തിയ ചോദ്യം ചെയ്യലിൽ വീടിനുള്ളിൽ ചാക്കിൽകെട്ടി വച്ചിരുന്ന 73 കുപ്പി മദ്യവും കണ്ടെടുത്തു.

മദ്യം വിറ്റുകിട്ടിയ പണവും ലഭിച്ചു. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ബിജു വർഗീസ്, പത്തനംതിട്ട ഇന്റലിജൻസ് ബ്യൂറോ പ്രിവന്റിവ് ഓഫിസർ വി.രതീഷ്, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഷിഹാബുദീൻ, സിവിൽ എക്‌സൈസ് ഓഫിസർമാരായ അരുൺ കൃഷ്ണൻ, സുമോദ് കുമാർ, ഹുസൈൻ, കാർത്തിക എന്നിവർ പരിശോധനയിൽ പങ്കെടുത്തു.