- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസ് ജീപ്പിൽ മർദനമേറ്റെന്ന് ക്രിമിനൽ കേസ് പ്രതി; ആറു പൊലീസുകാർക്കെതിരെ ഗുരുതര വകുപ്പുകൾ ചുമത്തി കേസെടുത്ത് പൊലീസ്
തൃശൂർ: പൊലീസ് ജീപ്പിൽ മർദനമേറ്റെന്ന ക്രിമിനൽ കേസ് പ്രതിയുടെ പരാതിയിൽ ആറു പൊലീസുകാർക്കെതിരെ കേസ്. അറസ്റ്റിലായ കണിമംഗലം കൊങ്ങിണിയിൽ അരുണിന്റെ (28) മൊഴിയുടെ അടിസ്ഥാനത്തിലാണു നടപടി. മർദനമേറ്റെന്ന അരുണിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസുകാർക്കെതിരെ ഗുരുതര വകുപ്പുകൾ ചുമത്തി വെസ്റ്റ് പൊലീസാണ് കേസ് എടുത്തത്. നെടുപുഴ സ്റ്റേഷനിലെ നാലും ഒല്ലൂരിലെ രണ്ടും പൊലീസുകാർക്കെതിരെയാണു കേസ്.
കാപ്പാ കേസിലെ കുറ്റവാളിയെ ഒളിവിൽ കഴിയാൻ സഹായിച്ചതിന് ഇക്കഴിഞ്ഞ ദിവസമാണ് അരുൺ അറസ്റ്റിലായത്. കഴിഞ്ഞ 26നു വൈകിട്ടു 3.30ന് ആണ് കേസിനാസ്പദമായ സംഭവം. പല കേസുകളിൽ പ്രതിയായതിനാൽ അരുണിനെ കണ്ടെത്താൻ വ്യാപക തിരച്ചിൽ നടക്കുന്നതിനിടെ അയ്യന്തോളിൽ കോടതിക്കു സമീപത്തു ഡ്യൂട്ടിക്കെത്തിയ പൊലീസ് സംഘം ഇയാളെ കാണുകയും പിടികൂടുകയുമായിരുന്നു.
നെടുപുഴ, ഒല്ലൂർ സ്റ്റേഷനുകളിൽ നിന്നുള്ള പൊലീസ് സംഘം അരുണിനെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കിയ ശേഷം കോടതിയിൽ ഹാജരാക്കി. ഈ ഘട്ടങ്ങളിലൊന്നും മർദനമേറ്റതായി അരുൺ പരാതിപ്പെട്ടിട്ടില്ലെന്നാണു സൂചന. ജാമ്യം ലഭിച്ചു പുറത്തിറങ്ങിയതിനു ശേഷം ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയ അരുൺ തന്റെ തോളെല്ലിനു പൊട്ടലുണ്ടെന്നും പൊലീസ് മർദനത്തിലാണു പരുക്കേറ്റതെന്നും ഡോക്ടറെ അറിയിച്ചു.
സംഭവം നടന്നതു വെസ്റ്റ് സ്റ്റേഷൻ പരിധിയിലായതിനാൽ ഡോക്ടർ പൊലീസിനെ ഔദ്യോഗികമായി അറിയിച്ചു. ഇതോടെയാണു പ്രതിയുടെ മൊഴിയെടുത്ത ശേഷം എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ഐപിസി 323, 341, 325, 34 വകുപ്പുകൾ ചുമത്തി. കോടതിയിൽ നിന്നു ജാമ്യമെടുക്കാൻ പോയ തന്നെ പൊലീസുകാർ സംഘം ചേർന്നു മർദിച്ചെന്നും ജീപ്പിനുള്ളിൽ തോളിലിടിച്ചു പരുക്കേൽപ്പിച്ചെന്നുമാണു പ്രതിയുടെ മൊഴി. സംഘം ചേർന്ന് ആക്രമിച്ചതിന് നാലു വകുപ്പുകൾ ചുമത്തിയാണു കേസ് രജിസ്റ്റർ ചെയ്തത്.



