തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 'സർ/മാഡം' തുടങ്ങിയ അഭിസംബോധനകൾ ഒഴിവാക്കാനൊരുങ്ങി ഉന്നത വിദ്യാഭ്യാസ വകുപ്പ്. ഇതു സംബന്ധിച്ചു വകുപ്പ് അഭിപ്രായം തേടിയപ്പോൾ കൊളോണിയൽ കാലത്തെ പ്രതിനിധീകരിക്കുന്ന ഈ പദങ്ങൾ വേണ്ടെന്നാണ് ഉന്നത വിദ്യാഭ്യാസ കൗൺസിലും റിപ്പോർട്ട് നൽകിയത്.

കോളജുകളും സർവകലാശാലകളും ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 'സർ/മാഡം' വിളി ഒഴിവാക്കണം. പകരമായി മാതൃഭാഷയിൽ നിന്ന് യോജ്യമായ പദങ്ങൾ കണ്ടെത്തണമെന്നുമാണ് കൗൺസിലിന്റെ അഭിപ്രായം. ബഹുമാന സൂചകമായ ഭാവ പദ പ്രയോഗങ്ങൾ നിയമനിർമ്മാണ, നീതിന്യായ, ഭരണനിർവഹണ വ്യവഹാരങ്ങളിൽ ഒഴിച്ചുകൂടാനാവില്ലെന്ന നിലപാടും കൗൺസിൽ സ്വീകരിച്ചു. ഇതേ തുടർന്നു മാതൃഭാഷയിൽ നിന്നു യോജ്യമായ പദങ്ങൾ നിർദേശിക്കാൻ ഉന്നത വിദ്യാഭ്യാസ കൗൺസിലിനോട് ഉന്നത വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടിരിക്കുകയാണ്.

ലിംഗനീതിക്കു വിഘാതമാകുന്ന 'സർ / മാഡം' തുടങ്ങിയ അഭിസംബോധനകൾ ഒഴിവാക്കണമെന്നാവശ്യപ്പെട്ടു പാലക്കാട് സ്വദേശി ബോബൻ മാട്ടുമന്ത സമർപ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാണു നടപടികൾ.