കോട്ടയം: സ്വന്തം പാടത്ത് കൃഷി ചെയ്യാൻ സ്വകാര്യ വ്യക്തി സമ്മതിക്കുന്നില്ലെന്നും പരാതി നൽകിയിട്ടും പഞ്ചായത്ത് നടപടിയെടുത്തില്ലെന്നും ആരോപിച്ച് കർഷകൻ ആത്മഹത്യ ഭീഷണി മുഴക്കി. തിരുവാർപ്പ് പഞ്ചായത്ത് കെട്ടിടത്തിന് മുകളിൽ കയറിയാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. കർഷകനായ തിരുവാർപ്പ് നാൽപ്പത്തഞ്ചിൽ വീട്ടിൽ ബിജുവാണ് ആത്മഹത്യാ ഭീഷണിയുമായി പഞ്ചായത്ത് കെട്ടിടത്തിന് മുകളിൽ കയറിയത്.

കൃഷി ചെയ്യാൻ സ്വകാര്യ വ്യക്തി സമ്മതിക്കുന്നില്ലന്നും പാടത്ത് വെള്ളമെത്തിക്കാൻ ഇടപെടണമെന്നും ആവശ്യപ്പെട്ട് പല തവണ പഞ്ചായത്തിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്നാണ് ബിജു പറയുന്നത്. കഴുത്തിൽ കയറിട്ട് താഴേക്ക് ചാടുമെന്ന് പറഞ്ഞ് ഭീഷണി മുഴക്കി നിൽക്കുകയാണ് ബിജു. ഫയർഫോഴ്‌സും കുമരകം പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് ഇരിക്കുന്ന മുറിയുടെ തൊട്ട് മുകളിലാണ് ബിജു ആത്മഹത്യ ചെയ്യാൻ കയറിയത്.